ബിയ്യം കായലിൽ വള്ളംകളി പരിശീലനത്തിന് തുടക്കം
text_fieldsപൊന്നാനി: ബിയ്യം കായലില്‍ വള്ളംകളി പരിശീലനത്തിന് ആരവമുയര്‍ന്നു. തുഴച്ചില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ ഒട്ടേറെ യുവാക്കളാണ് പരിശീലനം നടത്തുന്നത്. രാവിലെ ആറ് മുതൽ എട്ട് വരെയും വൈകീട്ട് അഞ്ച് മുതലുമാണ് പരിശീലനം. ഇത്തവണ 23 വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി മലബാറില്‍ നടക്കുന്ന ഒരേയൊരു വള്ളംകളിയാണിത്. പരിശീലനകാലങ്ങളില്‍ രണ്ടു ലക്ഷത്തിലേറെ രൂപ ചെലവ് ഓരോ ക്ലബുകള്‍ക്കും വരുന്നുണ്ട്. എന്നാൽ, സമ്മാനത്തുകയായി ലഭിക്കുന്നത് 50,000 രൂപ മാത്രമാണ്. പ്രോത്സാഹന സമ്മാനമായി 25,000 രൂപയും.
വന്‍ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന മത്സരമായിരുന്നിട്ടും നാട്ടുകാരുടെ ആവേശം കണക്കിലെടുത്ത് മാത്രമാണ് ക്ലബുകള്‍ ഓരോ വര്‍ഷവും വള്ളംകളി മത്സരത്തിന് ഒരുങ്ങുന്നത്. ടൂറിസം വാരാഘോഷ പരിപാടികൾക്ക് 12 ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് വാരാഘോഷ കമ്മിറ്റി സർക്കാറിന് കഴിഞ്ഞ വർഷം കത്ത് നൽകിയിരുന്നു. മേജര്‍ വള്ളങ്ങളുടെ പരിശീലനത്തിന് ഒരു ലക്ഷത്തിലേറെ ചെലവ് വരും. വള്ളങ്ങളുടെ കേടുപാട് തീർക്കാനും വന്‍തുക മുടക്കേണ്ടി വരുന്നു.
ആലപ്പുഴയില്‍നിന്ന് ദിവസക്കൂലി ഇനത്തില്‍ 1500 രൂപ നല്‍കിയാണ് തൊഴിലാളികളെ കൊണ്ടുവരുന്നത്. ഒരു വള്ളത്തിൽ പണിയെടുക്കാന്‍ എട്ട് തൊഴിലാളികള്‍ വേണം. ഇവരുടെ താമസ സൗകര്യവും ഭക്ഷണവും ക്ലബുകാര്‍ തന്നെ ഒരുക്കണം.
ചില ക്ലബുകള്‍ മത്സരത്തിനാവശ്യമായ വള്ളങ്ങള്‍ നിര്‍മിക്കാന്‍ ആലപ്പുഴയില്‍നിന്ന് തച്ചന്മാരെ കൊണ്ടുവന്നിട്ടുണ്ട്.
ആഗസ്റ്റ് 30നാണ് ബിയ്യം കായലിൽ വള്ളംകളി നടക്കുക. മേജർ വിഭാഗത്തിൽ പത്തും മൈനർ വിഭാഗത്തിൽ 13ഉം വള്ളങ്ങൾ മാറ്റുരക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.