പൊന്നാനിയിൽ ഉല്ലാസ ബോട്ടുകൾ ഓടുന്നത് അനുമതിയില്ലാതെ
text_fieldsപൊന്നാനി: പൊന്നാനി ഭാരതപ്പുഴയിൽ ഉല്ലാസ ബോട്ടുകൾ സർവിസ് നടത്തുന്നത് മതിയായ രേഖകളില്ലാതെയെന്ന് കണ്ടെത്തൽ. പ്രാദേശിക ബോട്ട് സുരക്ഷാ കമ്മിറ്റി നടത്തിയ പരിശോധനയിലാണ് ബോട്ടുകൾക്ക് മതിയായ രേഖകളില്ലെന്ന് കണ്ടെത്തിയത്. പൊന്നാനിയിൽ സർവിസ് നടത്തുന്ന 23 ഉല്ലാസ ബോട്ടുകൾക്കൊന്നിനും പൂർണമായ അനുമതി പത്രമോ രേഖകളോ ഇല്ല.
ബോട്ടുകളുടെ അനുമതി പരിശോധിക്കുന്നതിന്റെ ഭാഗമായി രേഖകൾ ഹാജരാക്കിയിരുന്നു. ഈ രേഖകളിൽ വിശദ പരിശോധന നടന്നപ്പോഴാണ് ഒന്നിനു പോലും മതിയായ അനുമതിയില്ലെന്ന് കണ്ടെത്തിയത്. ഇൻഷുറൻസ് കാലാവധി തീർന്നതും ലൈസൻസ് പുതുക്കാത്തതും ഉൾപ്പെടെയുള്ള പ്രശ്നങ്ങളാണ് രേഖകളിൽ കണ്ടെത്തിയത്.
ഒന്നര മാസം മുമ്പാണ് തഹസിൽദാരുടെ നേതൃത്വത്തിലുള്ള ബോട്ട് സുരക്ഷാ കമ്മിറ്റി ബോട്ടുകാരോട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നത്. ഹാജരാക്കിയ രേഖകൾ വിശദമായി പരിശോധിക്കുകയും ചെയ്തു. ഇതോടെയാണ് സർവിസ് നടത്തുന്ന ഒരു ബോട്ടിനു പോലും മതിയായ രേഖയില്ലെന്ന് തെളിഞ്ഞത്. ഓണക്കാലമായതിനാൽ ബോട്ടുകാർ സർവിസിന് വീണ്ടും അനുമതി തേടിയിട്ടുണ്ട്. ഇൻഷുറൻസ് പുതുക്കാനും ലൈസൻസ് പുതുക്കാനും ബോട്ടുകാർ ശ്രമങ്ങൾ തുടങ്ങിയെന്നാണ് അറിയുന്നത്.
കലാവസ്ഥാ മുന്നറിയിപ്പുകളും മറ്റ് സാങ്കേതിക തടസ്സങ്ങളും കാരണം ബോട്ടുകൾക്ക് തുടർച്ചയായി സർവിസ് തുടരാൻ കഴിഞ്ഞിരുന്നില്ല. മാസങ്ങളോളം ഇവ പുഴയോരത്ത് നങ്കൂരമിടേണ്ട സാഹചര്യമാണ്. ലക്ഷങ്ങൾ മുതൽ മുടക്കി വാങ്ങിച്ച ബോട്ടുകൾ വൻ നഷ്ടത്തിൽ പുഴയിൽ നിർത്തിയിടേണ്ടി വരുന്നുണ്ടെന്നും ബോട്ടുകാർ പരാതിപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.