പൊന്നാനിയിലെ റോഡുകളുടെ ദുരവസ്ഥ; തകർന്ന റോഡുകളിൽ വീണ് അപകടങ്ങൾ പതിവാകുന്നു
text_fieldsപൊന്നാനി: പൊന്നാനിയിൽ പൈപ്പ് ലൈനിടാനായി കുത്തിപ്പൊളിച്ചിട്ട റോഡുകളിൽ ഇരുചക്ര വാഹനങ്ങൾ തെന്നിവീണ് അപകടങ്ങൾ തുടർക്കഥയാകുന്നു. അറ്റകുറ്റ പണികൾ നടത്തുമെന്ന ഉറപ്പ് ലംഘിച്ചതോടെ ഓരോ ദിവസം കഴിയുംതോറും റോഡുകളിലെ ഗർത്തങ്ങൾ വർധിക്കുന്നതാണ് അപകടങ്ങൾക്കിടയാക്കുന്നത്.
കഴിഞ്ഞ ദിവസം പൊന്നാനി താലൂക്ക് ആശുപത്രിക്ക് മുന്നിലെ റോഡിലെ കുഴിയിൽ ബൈക്ക് തെന്നി വീണ് ആയിരങ്ങളുടെ മത്സ്യമാണ് നാശമായത്. ജൽജീവൻ പദ്ധതിക്കും അമൃത് പദ്ധതിക്കുമായി റോഡുകൾ പൊളിച്ചിട്ടതിനെത്തുടർന്നാണ് റോഡുകൾ തകർന്നത്.
വെള്ളം കെട്ടിക്കിടക്കുന്ന റോഡിലെ കുഴികളിൽ അറിയാതെ ചെന്നുവീഴുകയാണ് ഇരുചക്ര വാഹനങ്ങൾ. മഴക്കാലത്തിനു മുന്നേ റോഡുകൾ അറ്റകുറ്റപ്പണികൾ നടത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് അധികൃതർ പുല്ലുവിലപോലും നൽകിയില്ല. പൊന്നാനിയിലെ സകല റോഡുകളും തകരാറിലാണ്. മാസങ്ങൾക്ക് മുമ്പ് നവീകരിച്ച റോഡുകളിൽ വരെ കുഴികൾ രൂപപ്പെട്ടു. നിർമാണത്തിലെ അപാകതയും തികഞ്ഞ അഴിമതിയുമാണ് റോഡുകളുടെ പെട്ടെന്നുള്ള തകർച്ചക്ക് കാരണമെന്നാണ് ആരോപണം.
പൊന്നാനി കുറ്റിക്കാട് മുതൽ താലൂക്ക് ആശുപത്രി വരെയുള്ള റോഡിന്റെ തകർച്ച പൂർണമായിരിക്കുകയാണ്. കാൽനടയാത്ര പോലും ദുഷ്കരമായി മാറിയിരിക്കുകയാണ്.
ഈ ഭാഗത്ത് എത്രയും വേഗം റോഡ് നേരയാക്കിയില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾക്കൊരുങ്ങുകയാണ് നാട്ടുകാർ. ജലജീവൻ പദ്ധതിയുടെ ഭാഗമായി പൊളിച്ചിട്ട റോഡുകൾ വരെ ഇതുവരെയും നന്നാക്കിയിട്ടില്ല. താലൂക്ക് ആശുപത്രിയിലേക്കും അവിടെന്ന് തിരിച്ചും പോകുന്ന ആംബുലൻസുകൾക്കുവരെ കുഴികളിൽ ചാടി ഇഴഞ്ഞു നീങ്ങേണ്ട അവസ്ഥയാണ്. പ്രദേശത്തെ വിദ്യാർഥികളും കടുത്ത യാത്രാദുരിതമാണ് നേരിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.