കരിമീൻ കുഞ്ഞുങ്ങളെ കടത്തുന്ന സംഘം പിടിയിൽ
text_fieldsപൊന്നാനി: കരിമീൻ കുഞ്ഞുങ്ങളെ കടത്തുന്ന സംഘത്തെ ഫിഷറീസ് വകുപ്പ് പിടികൂടി. ഭാരതപ്പുഴയിലെ കർമ റോഡിന് സമീപത്തെ തുരുത്തിൽനിന്ന് കരിമീൻ കുഞ്ഞുങ്ങളെ പിടിച്ച് ഓക്സിജൻ നിറച്ച പാക്കറ്റുകളിലാക്കി കടത്തുന്ന സംഘമാണ് പിടിയിലായത്.
വെളിയങ്കോട് സ്വദേശികളായ അശ്റഫ് മച്ചിങ്ങൽ, തണ്ണീർകുടിയെൻറ കമറു എന്നിവരാണ് അനധികൃത മത്സ്യബന്ധനത്തിനിടെ പിടിയിലായത്. മറ്റു നാലുപേർ പട്രോളിങ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു.
രണ്ട് വഞ്ചികളിലായി ഓക്സിജൻ സിലിണ്ടർ അടക്കമുള്ള പാക്കിങ് സംവിധാനങ്ങളുമായി പുഴയിൽനിന്ന് അയ്യായിരത്തോളം കരിമീൻ കുഞ്ഞുങ്ങളെ പിടിച്ച് പാക്കിങ് നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഫിഷറീസ് വകുപ്പിെൻറ പട്രോളിങ് സംഘം ഇവരെ പിടികൂടിയത്.
മാർക്കറ്റിൽ ഒന്നിന് പത്ത് രൂപയോളം വിലവരുന്ന കരിമീൻ കുഞ്ഞുങ്ങളെയാണ് വ്യാപകമായി കോരിയെടുത്ത് വിറ്റഴിക്കുന്നത്. ഇവർക്കെതിരെ നിരന്തരമായ പരാതികൾ ഉയർന്ന സാഹചര്യത്തിലായിരുന്നു
പരിശോധന. ഇവരെ മാസങ്ങൾക്ക് മുമ്പും ഇവിടെനിന്ന് പിടികൂടിയിരുന്നു. രണ്ടര ലക്ഷത്തോളം രൂപ വിലവരുന്ന കരിമീൻ കുഞ്ഞുങ്ങളെയാണ് ശേഖരിച്ചിരുന്നത്. വെളിയങ്കോട് സ്വദേശിക്കാണ് മത്സ്യക്കുഞ്ഞുങ്ങളെ വിൽപന നടത്തുന്നതെന്ന് പിടികൂടിയവർ പറഞ്ഞു.
പിടിച്ചെടുത്ത കരിമീൻ കുഞ്ഞുങ്ങളെ പുഴയിലേക്കുതന്നെ നിക്ഷേപിച്ചു. മത്സ്യസമ്പത്ത് കൊള്ളയടിക്കുന്ന അനധികൃത മത്സ്യബന്ധനത്തിന് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അസി. ഡയറക്ടർ അറിയിച്ചു.
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ കെ. ശ്രീജേഷ്, സിവിൽ പൊലീസ് ഓഫിസർ എം.പി പ്രണവേഷ്, കോസ്റ്റൽ വാർഡൻ അഫ്സൽ, റസ്ക്യൂഗാർഡ് സെമീർ എന്നിവരാണ് പട്രോളിങ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.