പരിശോധന കർശനമാക്കിയിട്ടും ചെറുമത്സ്യങ്ങളെ പിടികൂടുന്നത് വ്യാപകം
text_fieldsപൊന്നാനി: ട്രോളിങ് നിരോധന കാലയളവിൽ ചെറുമത്സ്യങ്ങളെ പിടികൂടുന്നതിന് ഫിഷറീസ് വകുപ്പ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടും മത്സ്യബന്ധന വള്ളങ്ങൾ ചെറുമീനുകൾ പിടികൂടുന്നത് വ്യാപകം. ഫിഷറീസ് വകുപ്പും കോസ്റ്റൽ പൊലീസും താനൂർ ഹാർബറിൽ നടത്തിയ പരിശോധനയിൽ ടൺ കണക്കിന് മത്സ്യക്കുഞ്ഞുങ്ങളെ പിടികൂടി. വിൽപനക്കായി മത്സ്യം തയാറാക്കുന്നതിനിടെയാണ് മീൻകുഞ്ഞുങ്ങളെ പിടിച്ചെടുത്തത്. ഇത് ഏറെ നേരത്തെ വാക്കുതർക്കത്തിനും സംഘർഷാവസ്ഥക്കും ഇടയാക്കി. താനൂരിൽനിന്ന് പൊലീസെത്തിയാണ് സംഘർഷാവസ്ഥ പരിഹരിച്ചത്. 10 സെന്‍റീമീറ്ററിലും വലിപ്പം കുറഞ്ഞ അയല വിപണിയിൽ സുലഭമായി കണ്ടതിനെത്തുടർന്ന് ഫിഷറീസ് വകുപ്പ് പൊന്നാനി ഹാർബറിൽ പരിശോധന നടത്തി. വിൽപനക്ക് കൊണ്ടുവന്ന ടൺകണക്കിന് വളർച്ചയെത്താത്ത മത്സ്യങ്ങൾ നശിപ്പിച്ചു. ഇവരിൽനിന്ന് പിഴ ഈടാക്കി. പൊന്നാനിയിൽ തീരദേശ പൊലീസ് നടത്തിയ പരിശോധനയിൽ വളർച്ചയെത്താത്ത മത്സ്യം പിടികൂടിയ ചെറുവള്ളം പിടിച്ചെടുത്തു.
കടൽ മത്സ്യബന്ധന മേഖലയെ നശിപ്പിക്കുന്ന ഇത്തരം രീതികളിൽനിന്ന് മത്സ്യത്തൊഴിലാളികളും വിൽപനക്കാരും മാറിനിൽക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കുറ്റക്കാരെ കണ്ടെത്തി വള്ളം, വല എന്നിവയുടെ രജിസ്ട്രേഷനും ലൈസൻസും റദ്ദാക്കുകയും അനധികൃതമായി മീൻ പിടിക്കുന്നവർക്കും വിപണം നടത്തുന്നവർക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബേബി ഷീജ കോഹൂർ അറിയിച്ചു. പരിശോധനക്ക് ഫിഷറീസ് അസി. ഡയറക്ടർ കെ.ടി. അനിത, തീരദേശ പൊലീസ് സി.ഐ രാജ് മോഹൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.