പൊന്നാനി അങ്ങാടിയിലെ നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടം തകർന്നുവീണു
text_fieldsപൊന്നാനി: കാലപ്പഴക്കവും ബലക്ഷയവുമുണ്ടായിട്ടും പൊളിച്ചുമാറ്റാൻ വൈകിയ പൊന്നാനി അങ്ങാടിയിലെ ഒരു കെട്ടിടം കൂടി തകർന്നുവീണു. അപകടസമയത്ത് കെട്ടിടത്തിലെ കടകളിലും മുൻ വശത്തെ റോഡിലും ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പൊന്നാനി അങ്ങാടിയിൽ കനോലി കനാലിന് സമീപത്താണ് വലിയ ദുരന്തത്തിനിടയാക്കുന്ന തരത്തിൽ കെട്ടിടം നിലനിന്നിരുന്നത്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നോടെ കെട്ടിടത്തിന്റെ പിൻഭാഗമാണ് ആദ്യം തകർന്നുവീണത്. മിനിട്ടുകൾക്കകം കെട്ടിടം പൂർണമായി നിലംപൊത്തി. മേൽക്കൂരയും കെട്ടിടത്തിന്റെ ചുമരുകളും ഉൾപ്പെടെയാണ് റോഡരികിലേക്ക് പതിച്ചത്.
കെട്ടിടത്തിൽ മൂന്ന് ഷട്ടറുകളിലായി ചാക്ക് തുന്നുന്നവരുടെ കടകളാണ് ഉണ്ടായിരുന്നത്. അപകടാവസ്ഥ മനസിലാക്കി ദിവസങ്ങളായി കട തുറന്നിരുന്നില്ല. പാടാരിയകത്ത് സാറുമ്മയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. പൊന്നാനി അങ്ങാടിയിൽ നിരവധി കെട്ടിടങ്ങളാണ് കാലപ്പഴക്കം മൂലം അപകടാവസ്ഥയിലുള്ളത്. തകർന്ന കെട്ടിടത്തിന് സമീപത്തെ കെട്ടിടവും ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.