ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജ്: ബീമുകൾ തകർന്ന നിലയിൽ, പാലം അപകടാവസ്ഥയിലേക്ക്
text_fieldsപൊന്നാനി: ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ പ്രധാന ബീമുകൾക്ക് തകർച്ച. ബീമിന് മുകൾഭാഗത്തെ കോൺക്രീറ്റ് അടർന്ന് കമ്പികൾ പുറത്തേക്ക് തള്ളി നിൽക്കുന്നത് പാലത്തിന്റെ അപകടാവസ്ഥ തെളിയിക്കുകയാണ്.
നിരവധി ബീമുകളാണ് കോൺക്രീറ്റ് ഇളകിയ നിലയിലുള്ളത്. മാസങ്ങൾക്കുമുമ്പ് ലക്ഷങ്ങൾ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയ ഭാഗങ്ങളിലാണ് കോൺക്രീറ്റ് അടർന്നിട്ടുള്ളത്. പത്ത് വർഷം മുമ്പ് നിർമിച്ച റെഗുലേറ്റർ കം ബ്രിഡ്ജിൽ വെള്ളം സംഭരിക്കാൻ കഴിയാത്തതിനാൽ പാലം മാത്രമാണ് ഗുണപ്രദമായത്. പാലം നിർമാണത്തിൽ അഴിമതിയും അശാസ്ത്രീയതയും ഉണ്ടായെന്ന ആരോപണം വർഷങ്ങൾക്ക് മുമ്പുതന്നെ ഉയർന്നിട്ടുണ്ട്. നിർമാണത്തിലെ അശാസ്ത്രീയത മൂലവും യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാലും പൊന്നാനി ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ തുരുമ്പെടുത്ത് നശിച്ചിരുന്നു.
മാസങ്ങൾക്ക് മുമ്പ് ഷട്ടറിന്റെ താൽക്കാലിക അറ്റകുറ്റപ്പണികളും പെയിന്റിങ് ജോലികളും നടന്നെങ്കിലും ബീമുകൾ ഉൾപ്പെടെ തകർന്നു കൊണ്ടിരിക്കുകയാണ്. പൈലിങ്ങിനായി എത്തിച്ച ഷീറ്റുകളിൽ അഴിമതി നടന്നുവെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.
പൈലിങ്ങിനിടയിലെ ചോർച്ച കാരണം മധ്യഭാഗത്തെ 14ഓളം ഷട്ടറുകൾ വേനൽകാലത്ത് പോലും അടച്ചിടാറില്ല. ഇതുകാരണം ജലം സംഭരിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. ഒരു കിലോമീറ്റർ നീളവും 70 ഷട്ടറുകളും ഉള്ള റെഗുലേറ്ററിന്റെ മധ്യഭാഗത്തെ 20 ഷട്ടറുകൾക്കടിയിലൂടെയാണ് ചോർച്ചയുള്ളതായി ഡൽഹി ഐ.ഐ.ടി നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നത്. ഇതനുസരിച്ച് ഇപ്പോഴുള്ള മൂന്നര മുതൽ ഏഴ് മീറ്റർ വരെയുള്ള പൈലിങ്ങിനോട് ചേർന്ന് തൊട്ടുതാഴെയായി 11. 2 മീറ്റർ ആഴത്തിൽ പൈലിങ് നടത്തി ഷീറ്റുകൾ സ്ഥാപിച്ചാലേ ചോർച്ചക്ക് പരിഹാരം കാണാൻ കഴിയൂ എന്നാണ് ഐ.ഐ.ടി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇങ്ങനെ പുനഃക്രമീകരണം നടത്താൻ 51 കോടി രൂപയോളം ചെലവ് വരും. നരിപ്പറമ്പ് മുതൽ കുറ്റിപ്പുറം വരെ 13 കിലോമീറ്ററോളം ജലം സംഭരിക്കാവുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. എന്നാൽ, ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങളായിട്ടും ജലം സംഭരിച്ചു നിർത്താൻ കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് പാലവും തകർച്ചയിലേക്ക് നീങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.