കാലാവസ്ഥ വ്യതിയാനവും പ്ലാസ്റ്റിക്കിന്റെ അതിപ്രസരവും; കടലിലെ ആവാസവ്യവസ്ഥക്ക് തിരിച്ചടി
text_fieldsപൊന്നാനി: കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും കടലിലെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അതിപ്രസരവും മത്സ്യങ്ങളുടെയും മറ്റു സമുദ്രജീവികളുടെയും വംശനാശത്തിനിടയാക്കുന്നതായി പഠന റിപ്പോർട്ടുകൾ.
സമുദ്രത്തിലെ ഉപരിതലത്തിൽ വർഷങ്ങളായി ചൂട് വർധിച്ചുവരുന്നത് ഉപരിതല മത്സ്യങ്ങളുടെ ലഭ്യതയിൽ വൻ കുറവുണ്ടാക്കിയതായാണ് സെൻട്രൽ മറൈൻ ഫിഷറീസിന്റെ പഠന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ഇതുമൂലം അയല ഉൾപ്പെടെ മത്സ്യവർഗങ്ങൾ താഴേതട്ടിലേക്കും മറ്റിടങ്ങളിലേക്കും കുടിയേറ്റം നടത്തുന്നുവെന്നുമാണ് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
കടൽ വെള്ളത്തിന്റെ അമ്ലത്വം കുറയുന്നത് മൂലം പവിഴപ്പുറ്റുകൾ ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ നിലനിൽപ്പ് തന്നെ ഭീഷണിയിലാണ്. കൂടാതെ കടലിലെ ആവാസ വ്യവസ്ഥയിലെ മാറ്റം മത്സ്യങ്ങളുടെ പ്രജനനത്തേയും സാരമായി ബാധിക്കുന്നുണ്ട്. ഉയർന്ന താപവും അമ്ലത്വത്തിന്റെ കുറവുംമൂലം മത്സ്യങ്ങൾ മുട്ടയിടുന്നതും കുഞ്ഞുങ്ങൾ വിരിയുന്നതും ഗണ്യമായി കുറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ വിവിധ ജലാശയങ്ങൾ വഴി ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് മാലിന്യം വ്യാപകമായി കടലാമകളുടെയും കടൽ കാക്കകളുടെയും കുടലിൽ നിന്നും ലഭിച്ചിട്ടുണ്ട്.
മത്സ്യങ്ങളിൽനിന്ന് സൂക്ഷ്മങ്ങളായ പ്ലാസ്റ്റിക്കും സെൻട്രൽ മറൈൻ ഫിഷറീസും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയും നടത്തിയ പരിശോധനകളിലും കണ്ടെത്തിയിട്ടുണ്ട്. സമുദ്രത്തിലെ ജീവിവർഗങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന തരത്തിലാണ് ഓരോ വർഷവും കഴിയുംതോറും പ്രതികൂല ഘടകങ്ങൾ വർധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.