സംഘർഷം: പൊന്നാനിയിൽ ആഴക്കടലിലെ അനധികൃത മത്സ്യബന്ധനം തടയാനൊരുങ്ങി അധികൃതർ
text_fieldsപൊന്നാനി: ആഴക്കടലിൽ ഇരട്ട ബോട്ടുകളിൽ വലവിരിച്ച് കൂട്ടത്തോടെയുള്ള അനധികൃത മീൻപിടിത്തം തടയാനുള്ള നീക്കങ്ങളുമായി ഫിഷറീസ് വകുപ്പും കോസ്റ്റൽ പൊലീസും. കഴിഞ്ഞ ദിവസം പൊന്നാനി ഹാർബറിലുണ്ടായ സംഘർഷത്തെത്തുടർന്നാണ് തീരുമാനം. സംഘർഷത്തിെൻറ പശ്ചാത്തലത്തിൽ ഹാർബറിൽ സ്ഥിരം പൊലീസ് കാവൽ ഏർപ്പെടുത്തി. ഹാർബറിലും ലേല ഹാളിലും പുതിയ സി.സി.ടി.വി കാമറകൾ സ്ഥാപിക്കാനും തീരുമാനമായി.
സംഘഷത്തെത്തുടർന്ന് പൊന്നാനി പൊലീസ് സ്റ്റേഷനിൽ ഡിവൈ.എസ്.പിയുടെ സാന്നിധ്യത്തിൽ സർവകക്ഷി യോഗം വിളിച്ചിരുന്നു. ഇരട്ട വല ഉപയോഗിച്ച് രണ്ട് ബോട്ടുകൾ ചേർന്നുള്ള മത്സ്യബന്ധനത്തെ എതിർത്തതിനെത്തുടർന്നുണ്ടായ പ്രശ്നങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. ഇത്തരം മത്സ്യബന്ധനം മൂലം വള്ളക്കാർക്ക് കാര്യമായി മീൻ ലഭിക്കുന്നില്ലെന്നാണ് പരാതി. ഇത് പലപ്പോഴും, ബോട്ടിലെ തൊഴിലാളികളും വള്ളത്തിലെ തൊഴിലാളികളും തമ്മിലുള്ള വാക്കേറ്റങ്ങൾക്ക് ഇടയാക്കാറുണ്ട്.
ഇത്തരത്തിൽ നിരവധി ബോട്ടുകളാണ് കൂട്ടംചേർന്ന് ഇരട്ട വലയിട്ട് മീൻ പിടിക്കുന്നതെന്നാണ് വള്ളക്കാർ പരാതിപ്പെടുന്നത്. പലപ്പോഴും വള്ളത്തിലെ തൊഴിലാളികൾ മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നാണ് ബോട്ടിലെ തൊഴിലാളികളും പറയുന്നത്. ഇതിനാലാണ് കടലിൽ നിരീക്ഷണം ശക്തമാക്കാൻ അധികൃതർ ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.