പൊന്നാനി കുണ്ടുകടവ് ജങ്ഷനിലെ തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ നഗരസഭ
text_fieldsപൊന്നാനി: കോടികൾ ചെലവഴിച്ച് സൗന്ദര്യവത്കരണ പ്രവൃത്തികൾ നടത്തിയ പൊന്നാനി കുണ്ടുകടവ് ജങ്ഷൻ കൈയടക്കി തെരുവുകച്ചവടം നടത്തിയവരെ പുറത്താക്കിയ നടപടി പുനഃപരിശോധിച്ച് പൊന്നാനി നഗരസഭ.
തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കാനുള്ള നടപടിയുമായി നഗരസഭ രംഗത്ത്. ഇവിടെനിന്ന് നീക്കം ചെയ്ത ലൈസൻസുള്ള ഒമ്പത് കച്ചവടക്കാരെ കുണ്ടുകടവ് ജങ്ഷനിൽ തന്നെ പുനരധിവസിപ്പിക്കുമെന്ന് നഗരസഭ സെക്രട്ടറി എസ്. സജിറൂൺ പറഞ്ഞു. ലൈസൻസില്ലാത്തവർക്ക് ലൈസൻസ് അനുവദിക്കുന്നതിനുള്ള സജ്ജീകരണം ഒരുക്കി വരികയാണ്. ഐ.ഡി കാർഡ് അനുവദിക്കാൻ നഗരസഭയിലെ ലേഡി ടെക് വഴി സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും പൊലീസ് വെരിഫിക്കേഷൻ നടപടി പുരോഗമിക്കുകയാണെന്നും സെക്രട്ടറി പറഞ്ഞു. പൊതുനിരത്തുകൾ കൈയേറി കച്ചവടം നടത്തുന്ന 20 ഓളം പേരെയാണ് ഒരു മാസം ഒഴിപ്പിച്ചത്.
പൊന്നാനി കുണ്ടുകടവ് ജങ്ഷൻ മുതൽ മുക്കട്ടകൽ പാലം വരെയുള്ള ഭാഗത്ത് റോഡ് വീതി വർധിപ്പിച്ച് സൗന്ദര്യവൽക്കരണ പ്രവൃത്തികൾ നടത്തിയെങ്കിലും ഇവയെ തകിടം മറിച്ചാണ് കുണ്ടുകടവ് ജങ്ഷനിൽ തെരുവ് കച്ചവടം വ്യാപകമായത്. നേരത്തെ കൈയേറ്റവുമായി ബന്ധപ്പെട്ട് കേസുകൾ ഉൾപ്പെടെ നിലനിന്നിരുന്നെങ്കിലും ഹൈകോടതി വിധി നഗരസഭക്ക് അനുകൂലമായിരുന്നു.
ഇതേത്തുടർന്ന് കുണ്ടുകടവ് ജങ്ഷന്റെ ഭംഗി നശിപ്പിക്കുന്ന തരത്തിലുള്ള കൈയേറ്റ ഭൂമിയിലെ തട്ടുകടകൾക്ക് ഉൾപ്പെടെ നടപടി ശക്തമാക്കാൻ തീരുമാനിച്ചത്. റവന്യൂ വകുപ്പിന്റെ സഹകരണത്തോടെയാണ് കൈയേറ്റങ്ങൾ ഒഴിപ്പിച്ചത്. അതേ സമയം തെരുവു കച്ചവടക്കാരെ ഒഴിപ്പിച്ച നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേത്തുടർന്നാണ് പുനരധിവാസ നടപടികൾ ഊർജിതമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.