പൊന്നാനിയിൽ വാക്സിൻ ക്യാമ്പുകളിലും കോവിഡ് പരിശോധന
text_fieldsപൊന്നാനി: കോവിഡ് വ്യാപനം തടയാൻ വിവിധ കർമപരിപാടികളുമായി പൊന്നാനി നഗരസഭ. കോവിഡ് നിർണയ പരിശോധനകളും വാക്സിനേഷനും ഊർജിതമാക്കും. നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന ഒന്നാംഡോസ് വാക്സിനേഷൻ ക്യാമ്പുകളിൽ എത്തുന്നവർക്ക് ആൻറിജൻ പരിശോധന നടത്താനും ധാരണയായി. വാക്സിനേഷൻ ക്യാമ്പ്, റാപ്പിഡ് ആൻറിജൻ പരിശോധന ക്യാമ്പ് എന്നിവ ഫലപ്രദമായി സംഘടിപ്പിക്കാനായി പ്രത്യേക യോഗം ചേർന്നു. മെഡിക്കൽ ഓഫിസർമാർ, പൊലീസ്, സെക്ടറൽ മജിസ്ട്രേറ്റുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
നഗരസഭ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ കർശന നടപടി സ്വീകരിക്കാൻ ധാരണയായി. റാപ്പിഡ് ആൻറിജൻ പരിശോധന ക്യാമ്പുകളിൽ പരമാവധി പങ്കാളിത്തം ഉറപ്പുവരുത്താൻ യുവജന സംഘടനകൾ, മത സംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹായം തേടും. നഗരസഭയിൽ ഇതിനകം 46,600 പേർക്ക് വാക്സിൻ നൽകിയതായി അധികൃതർ അറിയിച്ചു. ഈഴുവത്തിരുത്തി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴിൽ 17,200 പേർക്കും താലൂക്ക് ആശുപത്രിയുടെ കീഴിൽ 29,400 പേർക്കുമാണ് വാക്സിൻ നൽകിയത്. ശനിയാഴ്ച ഡിഗ്രി, പി.ജി വിദ്യാർഥികൾക്കായി ഐ.എസ്.എസ്, എം.ഇ.എസ് എന്നീ കേന്ദ്രങ്ങളിൽ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്.
യോഗത്തിൽ നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ ബിന്ദു സിദ്ധാർഥൻ, ക്ഷേമകാര്യ സ്ഥിരസമിതി ചെയർമാൻ രജീഷ് ഊപ്പാല, പൊന്നാനി സി.ഐ വിനോദ്, ഡെപ്യൂട്ടി തഹസിൽദാർ പി. പ്രമോദ്, ഡോ. ഷാജ്കുമാർ, ഡോ. ആഷിക് റഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.