സി.പി.എം ഏരിയ സമ്മേളനത്തിലെ വോട്ടുചോർച്ച പഠിക്കാൻ കമീഷൻ 12ന് തെളിവെടുപ്പ്
text_fieldsപൊന്നാനി: സി.പി.എം പൊന്നാനി ഏരിയ സമ്മേളനത്തിൽ ഏരിയ കമ്മിറ്റി അംഗീകരിച്ച് അവതരിപ്പിച്ച ഔദ്യോഗിക പാനലിലെ നാലുപേർക്ക് വോട്ട് കുറഞ്ഞതിനെപ്പറ്റി പഠിക്കാൻ അന്വേഷണ കമീഷനെ നിയോഗിച്ചു. മത്സരത്തെത്തുടർന്ന് പുറത്തായ ഔദ്യോഗിക പാനലിലുണ്ടായിരുന്ന സി.ഐ.ടി.യു ഏരിയ സെക്രട്ടറിയും മുൻ ഏരിയ സെൻറർ അംഗവുമായിരുന്ന സുരേഷ് കാക്കനാത്ത് നൽകിയ പരാതിയെത്തുടർന്നാണിത്.
ജില്ല സെക്രട്ടേറിയറ്റംഗങ്ങളായ ഇ. ജയൻ, വി.എം. ഷൗക്കത്ത് എന്നിവരടങ്ങിയ കമീഷനാണ് ഏരിയ കമ്മിറ്റി അംഗങ്ങൾ, ലോക്കൽ സെക്രട്ടറിമാർ ഉൾപ്പെടെയുള്ളവരിൽ നിന്ന് മൊഴിയെടുക്കുക.
ഏരിയ സമ്മേളനത്തിൽ ഔദ്യോഗിക പാനലിന് വോട്ട് കുറഞ്ഞതും പാനലിലുള്ള ഒരാൾ പുറത്തായതുമാണ് അന്വേഷിക്കുക. ഏരിയ കമ്മിറ്റി അംഗീകരിച്ച് അവതരിപ്പിച്ച 19 അംഗ പാനലിനെതിരെ നാല് പേരാണ് മത്സരിച്ചത്. നാല് പേർക്കും ശരാശരി 65 വോട്ടുകൾ ലഭിച്ചു. പി. ശശി (67), നൂറുദ്ദീൻ പെരുമ്പടപ്പ് (61), ഇ.കെ ഖലീൽ (73), ഈഴുവത്തിരുത്തിയിലെ പി.വി. ലത്തീഫ് (78) എന്നിങ്ങനെയാണ് മത്സരിച്ചവർ നേടിയ വോട്ട്. പാനലിൽ ഉണ്ടായിരുന്ന മഹിള അസോസിയേഷൻ ജില്ല നേതാവും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായ അഡ്വ. ഇ. സിന്ധു, ഏരിയ സെക്രട്ടറി അഡ്വ. പി.കെ. ഖലീമുദ്ദീൻ, എം.എ. ഹമീദ്, സി.ഐ.ടി.യു ഏരിയ സെക്രട്ടറിയും ഏരിയ സെൻറർ അംഗവുമായിരുന്ന സുരേഷ് കാക്കനാത്ത് എന്നിവരെ ഒരു വിഭാഗം പ്രതിനിധികൾ തിരഞ്ഞുപിടിച്ച് വെട്ടിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 76 വോട്ട് മാത്രമാണ് സുരേഷ് കാക്കനാത്തിന് നേടാനായത്. ഇതോടെ 78 വോട്ട് ലഭിച്ച പി.വി. ലത്തീഫ് ഏരിയ കമ്മിറ്റിയിലെത്തി. ചൊവ്വാഴ്ച ഏരിയ കമ്മിറ്റി യോഗം ചേരുന്നുണ്ട്. നവകേരള കർമപദ്ധതിയുടെ ചർച്ചയും സംഘടന വിഷയങ്ങളും ചർച്ച ചെയ്യും. ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ മുൻ ജില്ല സെക്രട്ടേറിയറ്റംഗം ടി.എം. സിദ്ദീഖ് പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.