സി.പി.എമ്മിന് ഇനി സമ്മേളനകാലം; വിഭാഗീയതയിൽ ജാഗ്രത വേണമെന്ന് നിർദേശം
text_fieldsപൊന്നാനി: സി.പി.എമ്മിന് ഇനി സമ്മേളനകാലം. 24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾക്ക് പൊന്നാനി ഏരിയയിൽ നാലുമുതൽ തുടക്കമാകും. അടുത്ത മാസം ലോക്കൽ സമ്മേളനങ്ങൾ പൂർത്തീകരിച്ച് നവംബർ ആദ്യ വാരത്തിൽ ഏരിയ സമ്മേളനങ്ങൾ നടക്കും. ഇത്തവണ ഡിസംബർ മാസത്തിൽ താനൂരിലാണ് ജില്ല സമ്മേളനം നടക്കുന്നത്.
പാർട്ടി സമ്മേളനങ്ങളോടനുബന്ധിച്ച് നിരവധി നിർദേശങ്ങളും ഇതിനകം നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങൾ വിശദീകരിക്കാൻ എല്ലാ ഏരിയയിലും ബ്രാഞ്ച് സെക്രട്ടറിമാർ മുതൽ മേൽഘടകങ്ങളിലുള്ളവർ പ്രത്യേക യോഗം വിളിച്ച് വിശദീകരണം നൽകിവരുകയാണ്. പൊന്നാനി ഏരിയ കമ്മിറ്റിക്ക് കീഴിലെ 113 ബ്രാഞ്ച് സമ്മേളനങ്ങളും ഒക്ടോബർ ഒന്നിന് പൂർത്തിയാകും. ഒക്ടോബർ രണ്ട് മുതൽ ലോക്കൽ കമ്മറ്റി സമ്മേളനങ്ങൾ നടക്കും. നവംബർ ആദ്യ വാരത്തോടെ ലോക്കൽ സമ്മേളനങ്ങളും പൂർത്തീകരിക്കും. ഡിസംബർ എട്ട്, ഒമ്പത് തീയതികളിൽ കാഞ്ഞിരമുക്കിൽ ഏരിയ സമ്മേളനം നടക്കും.
കഴിഞ്ഞ തവണ കടുത്ത വിഭാഗീയത നിഴലിച്ച പൊന്നാനി ഉൾപ്പെടെയുള്ള മേഖലകളിൽ കർശനമായ ജാഗ്രത സമ്മേളന നടത്തിപ്പിലുണ്ടാകണമെന്നാണ് നിർദേശം. പാർട്ടിയുടെ ഐക്യത്തിനും വിശ്വാസത്തിനും കോട്ടം തട്ടുന്ന പ്രവണതകൾ ജില്ലയിലുടനീളം കണ്ടുതുടങ്ങിയതായാണ് വിലയിരുത്തൽ.
പാർട്ടി സമ്മേളനങ്ങൾ പൂർണമായും ജനാധിപത്യവത്കരിക്കുന്നതോടൊപ്പം അർഹരെ മാറ്റിനിർത്തുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും നേതൃത്വം വിശദീകരിക്കുന്നുണ്ട്. സംസ്ഥാന കമ്മിറ്റിയുടെ നിർദേശങ്ങൾ ഇതിനകം ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെയുള്ളവർക്ക് നൽകിക്കഴിഞ്ഞു.
വിഭാഗീയത ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് പ്രത്യേകം ചൂണ്ടിക്കാണിക്കുന്ന നേതൃത്വം മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. അവമതിപ്പ് ഉണ്ടാക്കുന്ന വാർത്തകളുണ്ടാക്കിയും, തെറ്റായ സന്ദേശങ്ങൾ നൽകിയുമാകരുത് പാർട്ടി സമ്മേളനങ്ങൾ അവസാനിക്കുന്നത് എന്നാണ് എല്ലാ ഘടകങ്ങൾക്കും നൽകിയ നിർദേശങ്ങളിൽ പ്രധാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.