ടി.എം. സിദ്ദീഖിനെതിരായ നടപടി: ഏരിയ സമ്മേളനത്തിൽ രൂക്ഷവിമർശനം
text_fieldsപൊന്നാനി: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തെത്തുടർന്നുണ്ടായ പ്രകടനവുമായി ബന്ധപ്പെട്ട് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.എം. സിദ്ദീഖിനെതിരെയെടുത്ത അച്ചടക്ക നടപടിക്കെതിരെ സി.പി.എം ഏരിയ സമ്മേളനത്തിൽ രൂക്ഷ വിമർശനം. ആകെയുള്ള 10 ലോക്കൽ കമ്മിറ്റികളിൽ എട്ട് ലോക്കൽ കമ്മിറ്റിയിലെ അംഗങ്ങളും അന്വേഷണ കമീഷൻ റിപ്പോർട്ടിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചു. പി. ശ്രീരാമകൃഷ്ണൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത സമ്മേളനത്തിലാണ് രൂക്ഷ വിമർശനമുയർന്നത്.
കമീഷന് നൽകാത്ത മൊഴിയുൾപ്പെടെ റിപ്പോർട്ടിൽ വന്നത് കേട്ടുകേൾവിയില്ലാത്ത സംഭവമാണെന്ന് പ്രതിനിധികൾ പറഞ്ഞു. പ്രകടനം നയിച്ചത് ടി.എം. സിദ്ദീഖിെൻറ ബന്ധുക്കളെന്ന തരത്തിൽ വസ്തുതക്ക് നിരക്കാത്ത കാര്യങ്ങളാണ് റിപ്പോർട്ടിലുണ്ടായിരുന്നതെന്നും ഇത് ചില കേന്ദ്രങ്ങളിൽനിന്നുള്ള തിരക്കഥക്കനുസരിച്ചായിരുന്നുവെന്നും പ്രതിനിധികൾ പറഞ്ഞു.
പ്രകടനം തടയേണ്ടത് ടി.എം. സിദ്ദീഖിെൻറ മാത്രം ഉത്തരവാദിത്തമല്ല. പാർട്ടിക്ക് പ്രയാസമുണ്ടാകുന്ന നടപടികൾ ഉണ്ടാകരുതെന്ന് ടി.എം. സിദ്ദിഖ് പ്രസ്താവന ഇറക്കിയിട്ടും ഏരിയ കമ്മിറ്റി നോക്കുകുത്തിയായെന്ന് ചെറുവായിക്കരയിൽനിന്ന് ഈഴുവത്തിരുത്തി ലോക്കൽ കമ്മിറ്റിയിൽനിന്നുമുള്ള പ്രതിനിധികൾ തുറന്നടിച്ചു. പ്രവാസി സംഘടനയായ ഇസ്മെക്കിെൻറ സഹായം വാങ്ങി ഇമ്പിച്ചിബാവയെക്കുറിച്ചുള്ള ഡോക്യുമെൻററി തയാറാക്കിയിട്ടും നന്ദിവാക്ക് പോലുമില്ലാതെ സംഘടനയെ തള്ളിപ്പറയുന്ന രീതിയാണ് നേതൃത്വം കൈകൊണ്ടതെന്നും വിമർശനമുയർന്നു.
പൊന്നാനി, പൊന്നാനി നഗരം എൽ.സി പ്രതിനിധികളൊഴികെ മറ്റെല്ലാ ലോക്കൽ കമ്മിറ്റി പ്രതിനിധികളും നടപടിയെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാൻ നേതൃത്വത്തിനായില്ല. പൊന്നാനി ലോക്കൽ കമ്മിറ്റിക്കുവേണ്ടി വി. രമേശൻ, ഏരിയ സെക്രട്ടറി പി.കെ. ഖലീമുദ്ദീെൻറ ഭാര്യ കൂടിയായ പ്രതിനിധി എം. മാജിദ (പൊന്നാനി നഗരം എൽ.സി), ഗിരിവാസൻ (എരമംഗലം എൽ.സി), അലി (പൊന്നാനി സൗത്ത് എൽ.സി), ബിബീഷ്, എം.എസ്. മുസ്തഫ (വെളിയങ്കോട് എൽ.സി), ജംഷീദ് (മാറഞ്ചേരി എൽ.സി), ലത്തീഫ് (ഈഴുവത്തിരുത്തി എൽ.സി), ജിഷ്ണു (ചെറുവായ്ക്കര എൽ.സി), വി.ബി. നൂറുദ്ദീൻ (പെരുമ്പടപ്പ് എൽ.സി) എന്നിവരാണ് സംസാരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.