മത്സ്യത്തൊഴിലാളികളുടെ മരണം ധനസഹായം ലഭിച്ചത് ഡിസംബർ 16ന്, ഉത്തരവുമായി എം.എൽ.എ എത്തിയത് 19ന്
text_fieldsപൊന്നാനി: പൊന്നാനിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച കുടുംബങ്ങൾക്കുള്ള സർക്കാർ ആശ്വാസ ധനസഹായത്തിെൻറ ഉത്തരവ് കൈമാറാൻ പി. നന്ദകുമാർ എം.എൽ.എ എത്തിയത് ഞായറാഴ്ച. എന്നാൽ, ഡിസംബർ 16ന് തന്നെ തങ്ങൾക്ക് സർക്കാർ സഹായമായ നാലുലക്ഷം രൂപ ലഭിച്ചിരുന്നുവെന്ന് ബന്ധുക്കൾ. ധനസഹായം കൈമാറുന്നത് സംബന്ധിച്ച് നവംബർ 11ന് ജില്ല കലക്ടർ പുറപ്പെടുവിച്ച ഉത്തരവാണ് സാമ്പത്തിക സഹായം ലഭിച്ച് രണ്ടുദിവസം കഴിഞ്ഞ് എം.എൽ.എ മരണപ്പെട്ടവരുടെ വീടുകളിലെത്തി കൈമാറിയത്. ഇതോടെ, മരിച്ച മത്സ്യത്തൊഴിലാളികളുടെ പേരിൽ രാഷ്ട്രീയം കളിക്കുന്നുവെന്നാരോപിച്ച് ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി.
ഒക്ടോബർ 15ന് വള്ളം മറിഞ്ഞ് അപകടത്തിൽപെട്ട് മരിച്ച മത്സ്യത്തൊഴിലാളികളായ മുക്കാടി സ്വദേശി ചന്തക്കാരെൻറ ഇബ്രാഹീം, തെക്കേകടവ് സ്വദേശി പുത്തൻപുരയിൽ മുഹമ്മദാലി എന്നിവരുടെ കുടുംബങ്ങൾക്ക് ആശ്വാസ ധനസഹായമായി സർക്കാർ നൽകുന്ന നാലുലക്ഷം രൂപയുടെ ഉത്തരവാണ് ഇരുകുടുംബത്തിനും എം.എൽ.എ ഞായറാഴ്ച കൈമാറിയത്. നേരത്തേ ലഭിച്ച സഹായത്തിന് പുറമെ മറ്റു സഹായമുണ്ടോ എന്ന സംശയത്തിൽ ബന്ധുക്കൾ അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് നേരത്തേ ലഭിച്ച സഹായത്തിെൻറ ഉത്തരവാണ് നൽകിയതെന്ന് മനസ്സിലായത്. തുടർന്ന് രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് എം.എൽ.എ നടത്തിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ക്ഷേമനിധി ബോർഡിെൻറ പത്ത് ലക്ഷം രൂപയുടെ ആദ്യ ഗഡു നേരത്തേ ലഭിച്ചിരുന്നു. തുടർന്നാണ് സർക്കാർ ധനസഹായവും ലഭ്യമായത്. അതേസമയം, ദുരന്തബാധിത കുടുംബത്തിന് ധനസഹായം ലഭ്യമാവുക എന്നതിനാണ് പ്രാധാന്യമെന്നും ഉത്തരവ് കൈമാറൽ സാങ്കേതികം മാത്രമാണെന്നും പി. നന്ദകുമാർ എം.എൽ.എ പറഞ്ഞു. എം.എൽ.എക്കൊപ്പം തഹസിൽദാർ എം.എസ്. സുരേഷ് കുമാർ, വാർഡ് കൗൺസിലർ സവാദ് എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.