പൊന്നാനി നിളയോര പാത; വലിയ വാഹനങ്ങളുടെ സഞ്ചാരം നിർത്തലാക്കാൻ തീരുമാനം
text_fieldsപൊന്നാനി: നിരവധി സഞ്ചാരികൾ ദിനംപ്രതിയെത്തുന്ന പൊന്നാനി നിളയോര പാതയിൽ യാത്രക്കാർക്ക് പ്രയാസമാകുന്ന തരത്തിൽ വലിയ വാഹനങ്ങളുടെ സഞ്ചാരം നിരോധിക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി റോഡ് ആരംഭിക്കുന്നയിടത്തും അവസാനിക്കുന്ന ഭാഗത്തും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.
കർമ റോഡിലെത്തുന്നവർ റോഡരികിൽ വ്യാപകമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പാർക്കിങ് ക്രമീകരിക്കും. വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേക സ്ഥലങ്ങൾ കണ്ടെത്തി സ്ഥലം നൽകും. ഇതിനായി നഗരസഭ അധികൃതർ, പൊലീസ്, പൊതുമരാമത്ത് വിഭാഗം എന്നിവരടങ്ങുന്ന സംഘം വ്യാഴാഴ്ച സംയുക്ത പരിശോധന നടത്തും.
കുണ്ടുകടവ് ജങ്ഷനിൽ തെരുവുകച്ചവടവും കൈയേറ്റങ്ങളും ഒഴിപ്പിച്ച സ്ഥലത്ത് സ്വകാര്യ സ്കൂൾ ബസുകളുടെ പാർക്കിങ് അനുവദിക്കില്ലെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാനും ഇത്തരക്കാർക്കെതിരെ നോട്ടീസ് നൽകാനും തീരുമാനിച്ചു. കുണ്ടുകടവ് ജങ്ഷനിലെ നിലവിലെ ഓട്ടോ പാർക്കിങ് കിഴക്ക് ഭാഗത്തേക്ക് മാറ്റും. പൊന്നാനി അങ്ങാടി വിപുലീകരണത്തിനുള്ള നടപടികൾ ആരംഭിക്കും.
അപകടാവസ്ഥയിലായ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിക്കുന്നതിന് തഹസിൽദാർ ഉൾപ്പെടെ റിപ്പോർട്ട് തയാറാക്കി തുടർ നടപടി സ്വീകരിക്കും. പൊന്നാനി നഗരസഭ ഓഫിസിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ ഒ.ഒ. ഷംസു, രജീഷ് ഊപ്പാല, പൊന്നാനി എസ്.ഐ ഷിജിമോൻ, കോസ്റ്റൽ പൊലീസ് സി.ഐ ശശീന്ദ്രൻ മേലയിൽ, എം.വി.ഐ മുഹമ്മദ് അഷ്റഫ് സൂർപ്പിൽ, പി.ഡബ്ല്യു.ഡി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.