നിറപ്പൊലിമയിൽ ദീപാവലി ആഘോഷം
text_fieldsപൊന്നാനി: ജന്മനാടിന്റെ ഗൃഹാതുരത്വം നിറഞ്ഞ സ്മരണകളുമായി പൊന്നാനി തൃക്കാവിലെ ഗുജറാത്തി കുടുംബങ്ങൾ ദീപാവലി ആഘോഷിച്ചു.
രംഗോലി ഒരുക്കിയും മധുരം നൽകിയും വർണാഭമായായിരുന്നു ആഘോഷം. വെള്ളിയാഴ്ച ധൻ തേരസോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്.
സ്വർണാഭരണങ്ങൾ വാങ്ങുന്നത് പുണ്യമെന്ന് ഗുജറാത്തികൾ കരുതുന്ന ദിനമാണ് ധൻ തേരസ്. ശനിയാഴ്ച നരക ചതുർദശിയും ഞായറാഴ്ച പുസ്തക പൂജയും നടന്നു.
ഞായറാഴ്ചയാണ് ആട്ടവും പാട്ടും നൃത്തവുമായി ദീപാവലി ആഘോഷിച്ചത്. കുടുംബങ്ങളിൽ മുതിർന്നവരും മറ്റും ഒത്തുചേരുകയും ആശീർവാദം വാങ്ങുകയും ചെയ്തു. ക്ഷേത്രദർശനവും നടത്തി. പൊന്നാനി തൃക്കാവിൽ ഗുജറാത്തി സമാജക്കാർക്ക് പ്രത്യേക ക്ഷേത്രം തന്നെയുണ്ട്. തിങ്കളാഴ്ച രാത്രിയോടെ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വീടുകൾക്ക് ചുറ്റും ദീപങ്ങൾ തെളിയിക്കും. വീട്ടിലെ മുതിർന്നവരും കുട്ടികളും ഒത്തുചേർന്നാണ് വീടുകൾ ദീപാലംകൃതമാക്കുക.
ചൊവ്വാഴ്ച നൂതൻ (പുതിയ) വർഷം ആരംഭിക്കും. വർഷാരംഭം ആഘോഷപൂർവം കൊണ്ടാടുകയെന്നതാണ് ഗുജറാത്തി കുടുംബങ്ങളുടെ പരമ്പരാഗത രീതി. തിങ്കളാഴ്ച ഗോവർധന പൂജ നടക്കും. പശുക്കിടാങ്ങളെ പൂജിക്കുകയും ഇവയുടെ ക്ഷേമത്തിനായി പ്രത്യേക പ്രാർഥനകളും നടക്കും.
കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള ഭായ്ദുജ് ചടങ്ങ് ചൊവ്വാഴ്ചയാണ്. സഹോദരൻമാർ സഹോദരിമാരുടെ വീടുകളിലെത്തി സന്തോഷം പങ്കിടുകയെന്നതാണ് ഈ ദിവസത്തിന്റെ പ്രത്യേകത.
100 വർഷം മുമ്പാണ് വ്യാപാര ആവശ്യാർഥം ഗുജറാത്തിൽനിന്ന് നൂറോളം കുടുംബങ്ങൾ പൊന്നാനിയിൽ എത്തിയത്. 25ലധികം കുടുംബങ്ങളുണ്ടായിരുന്ന തൃക്കാവിൽ ഇപ്പോൾ പത്തോളം കുടുംബങ്ങൾ മാത്രമാണുള്ളത്. കുടുംബങ്ങളുടെ എണ്ണം കുറഞ്ഞെങ്കിലും ആഘോഷപ്പൊലിമ ഒട്ടും ചോരാതെയാണ് ദീപാവലി ആഘോഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.