പൊന്നാനി നഗരം വില്ലേജ് വിഭജിക്കണമെന്ന് ആവശ്യം
text_fieldsപൊന്നാനി: ജനസംഖ്യാനുപാതത്തിെൻറ കാര്യത്തിൽ ഏറെ മുന്നിലുള്ള പൊന്നാനി നഗരം വില്ലേജ് വിഭജിക്കണമെന്ന ആവശ്യം ശക്തം. 50,000ലധികം പേരാണ് പൊന്നാനി നഗരം വില്ലേജ് ഓഫിസ് പരിധിയിലുള്ളത്. ദിനംപ്രതി വിവിധ സേവനങ്ങൾക്കായി നൂറുകണക്കിനാളുകൾ ആശ്രയിക്കുന്ന പൊന്നാനി വില്ലേജ് ഓഫിസിൽ ആകെയുള്ളത് അഞ്ച് ജീവനക്കാർ മാത്രമാണ്. ഇതിൽ വില്ലേജ് ഓഫിസർ അവധിയിലുമാണ്.
നഗരസഭയുടെയും ഫിഷറീസ് വകുപ്പിെൻറയും വിവിധ ആനുകൂല്യങ്ങൾക്കായി വരുമാന സർട്ടിഫിക്കറ്റിന് മാത്രം നിരവധി പേരാണ് ഇവിടെ എത്തുന്നത്. തീരദേശ മേഖലയായതിനാൽ കടലാക്രമണമുൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങൾക്ക് സഹായം ലഭിക്കണമെങ്കിൽ വില്ലേജ് ഓഫിസിൽനിന്നുള്ള സർട്ടിഫിക്കറ്റ് അനിവാര്യമാണ്.
പുനർഗേഹം പദ്ധതിയുടെ ഭാഗമായി സ്ഥല പരിശോധന ഉൾപ്പെടെ നിരവധി ജോലിയുള്ളതിനാൽ കുറഞ്ഞ ജീവനക്കാരുമായി ഓഫിസ് പ്രവർത്തനം ഏറെ ബുദ്ധിമുട്ടിലാണ്. പൊന്നാനി, പുതുപൊന്നാനി, വെള്ളീരി, പള്ളപ്രം, പുന്നത്തിരുത്തി, കടവനാട് എന്നീ ആറ് ദേശങ്ങളും പൊന്നാനി നഗരം, പുന്നത്തിരുത്തി, കടവനാട് എന്നീ മൂന്ന് അംശമാണ് പൊന്നാനി വില്ലേജിന് കീഴിലുള്ളത്. പൊന്നാനി നഗരസഭയിലെ 65 ശതമാനം ജനസംഖ്യയും ഈ വില്ലേജിന് കീഴിലാണ് വരുന്നത്.
30ലേറെ വാർഡുകളും ഉൾപ്പെടുന്നതും പൊന്നാനി വില്ലേജിലാണ്. തീരദേശ മേഖല കൂടി ഉൾപ്പെടുന്ന വില്ലേജിൽ തിരക്ക് വർധിച്ച സാഹചര്യത്തിലാണ് വില്ലേജ് വിഭജനം എന്ന ആവശ്യം ശക്തമാവുന്നത്. 2009ൽ പാലോളി മുഹമ്മദ് കുട്ടി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരിക്കെയാണ് ഈഴുവത്തിരുത്തി വില്ലേജ് വിഭജിച്ച് കടവനാട് അംശം പൊന്നാനി വില്ലേജിനോട് കൂട്ടിച്ചേർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.