ഡയാലിസിസ് ആൻഡ് റിസർച് സെൻറർ; സുമനസ്സുകളുടെ സഹായം തേടി പൊന്നാനി നഗരസഭ
text_fieldsപൊന്നാനി: വൃക്കരോഗം മൂലം ദുരിതക്കയത്തിലായവർക്ക് പ്രതീക്ഷയായ നഗരസഭയുടെ ഡയാലിസിസ് ആൻഡ് റിസർച് സെൻററിനായി റമദാൻ മാസത്തിൽ സഹായം തേടാനൊരുങ്ങി പൊന്നാനി നഗരസഭ. നഗരസഭയിൽ ചേർന്ന ഡയാലിസിസ് മാനേജ്മെൻറ് സമിതി യോഗത്തിലാണ് ധാരണ.
റമദാൻകാല ധനശേഖരണത്തിനായി പ്രാദേശികതലത്തിൽ അഞ്ച് ടീമുകൾക്ക് സമിതി രൂപംനൽകി. നിർധനർക്ക് സൗജന്യ ചികിത്സ നൽകാൻ സാമ്പത്തിക പ്രയാസങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ധനസമാഹരണം. വാർഷിക ധന സമാഹരണവും ജീവകാരുണ്യ സംഘടനകളുടെ കൈത്താങ്ങും ആശ്രയമായിരുന്ന സെൻററിെൻറ പ്രവർത്തനത്തെ കോവിഡ് പ്രതികൂലമായി ബാധിച്ചതാണ് പ്രതിസന്ധിക്കിടയാക്കിയത്.
നിർധനരായ വൃക്കരോഗികൾക്കായി 2014ലാണ് നഗരസഭ ഡയാലിസിസ് സെൻററിന് രൂപംകൊടുത്തത്. ഏഴ് രോഗികളുമായി തുടങ്ങിയ സെൻററിൽ നിലവിൽ 74 പേർക്കാണ് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നത്. നിരവധി പേർ രജിസ്റ്റർ ചെയ്ത് ഡയാലിസിസിനായി കാത്തിരിക്കുന്നുമുണ്ട്. രോഗികളുടെ എണ്ണത്തിലെ വന്ന വർധന ഭാരിച്ച ചെലവാണ് വരുത്തിയത്.
യോഗത്തിന് ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ ബിന്ദു സിദ്ധാർഥൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രജീഷ് ഊപ്പാല, ഒ.ഒ. ഷംസു, കൗൺസിലർമാരായ ഫർഹാൻ ബിയ്യം, സവാദ്, ഹാജി കാസിം കോയ, അഡ്വ. പി.കെ. ഖലീമുദ്ദീൻ, സേതുമാധവൻ, എവറസ്റ്റ് ലത്തീഫ് എന്നിവർ പങ്കെടുത്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഷീന സുദേശൻ സ്വാഗതവും നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ് നന്ദിയും പറഞ്ഞു. ഡയാലിസിസ് സെൻറർ കോഓഡിനേറ്റർ മുഹമ്മദ് കുട്ടി മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.