അച്ചടക്ക നടപടിയിലെ പ്രതിഷേധത്തിനിടെ പൊന്നാനിയിൽ സി.പി.എം ലോക്കൽ സമ്മേളനങ്ങൾക്ക് വ്യാഴാഴ്ച തുടക്കം
text_fieldsപൊന്നാനി: സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം ടി.എം. സിദ്ദീഖിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ നടപടിയിൽ പ്രവർത്തകരുടെ അമർഷം പുകയുന്നതിനിടെ പൊന്നാനി ഏരിയക്ക് കീഴിലെ സി.പി.എം ലോക്കൽ സമ്മേളനങ്ങൾക്ക് വ്യാഴാഴ്ച മുതൽ തുടക്കമാവും. സിദ്ദീഖിനെതിരെയുള്ള നടപടിക്ക് ശേഷം ജില്ലയിൽ ഏറെ പ്രാധാന്യത്തോടെ ഉറ്റുനോക്കുന്ന ലോക്കൽ സമ്മേളനങ്ങൾക്കാണ് തുടക്കമാവുന്നത്. കഴിഞ്ഞ ദിവസം ബ്രാഞ്ച് കമ്മിറ്റികളിൽ പരസ്യ പ്രതിഷേധം ഉടലെടുത്ത സാഹചര്യത്തിൽ നടക്കുന്ന ലോക്കൽ സമ്മേളനങ്ങൾ കരുതലോടെ സംഘടിപ്പിക്കാനാണ് നേതൃത്വത്തിെൻറ നീക്കം. ലോക്കൽ സമ്മേളനങ്ങളിലും സിദ്ദീഖിനെതിരെയുള്ള നടപടി ചർച്ചയാകും. സംസ്ഥാന നേതൃത്വത്തിെൻറ ഔദ്യോഗിക വിശദീകരണം ഇതുവരെ വരാത്തതിനാൽ എൽ.സി അംഗങ്ങളുടെ ചോദ്യങ്ങൾ എങ്ങനെ മറികടക്കുമെന്ന ആശങ്കയിലാണ് ഏരിയ നേതൃത്വം.
ഇതിനിടെ ഞായറാഴ്ച ചേർന്ന സി.പി.എം ഏരിയ കമ്മിറ്റി യോഗത്തിൽ ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ് ഉൾപ്പെടെ പങ്കെടുത്ത് പ്രവർത്തകരുടെ പ്രതിഷേധങ്ങൾ ഏരിയ കമ്മിറ്റിയംഗങ്ങളിൽനിന്ന് ചോദിച്ചറിഞ്ഞതായാണ് അറിയുന്നത്. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്താനാണ് സൂചന. ലോക്കൽ സമ്മേളനങ്ങൾക്ക് മുമ്പുതന്നെ സംസ്ഥാന നേതൃത്വത്തിെൻറ വിശദീകരണം ലഭ്യമാകുമെന്നാണ് കരുതിയിരുന്നതെങ്കിലും പരസ്യ പ്രതിഷേധങ്ങളെത്തുടർന്ന് ഔദ്യോഗിക നടപടി വൈകാനാണ് സാധ്യത. ഏരിയ കമ്മിറ്റിക്ക് കീഴിലെ 103 ബ്രാഞ്ച് സമ്മേളനങ്ങളും ബുധനാഴ്ചക്കകം പൂർത്തിയാകും. കഴിഞ്ഞ ദിവസം മാറ്റിവെച്ച വെളിയങ്കോട് മാട്ടുമ്മൽ ബ്രാഞ്ച് സമ്മേളനം അടിയന്തരമായി പൂർത്തീകരിക്കാനും നീക്കം നടക്കുന്നുണ്ട്. പൊന്നാനി ഏരിയ കമ്മിറ്റിക്ക് കീഴിലെ രണ്ട് ലോക്കൽ കമ്മിറ്റികൾ വിഭജിക്കും.
പൊന്നാനി നഗരം എൽ.സി വിഭജിച്ച് പൊന്നാനി സൗത്ത് ലോക്കൽ കമ്മിറ്റിയും മാറഞ്ചേരി ലോക്കൽ കമ്മിറ്റി വിഭജിച്ച് കാഞ്ഞിരമുക്ക് എൽ.സിയുമാണ് പുതുതായി വരുക. ഇതോടെ പത്ത് ലോക്കൽ കമ്മിറ്റികൾ ഉണ്ടാകും. ചിലയിടങ്ങളിൽ ലോക്കൽ സെക്രട്ടറിമാരും മാറാനാണ് സാധ്യത. വിവിധ വിഷയങ്ങൾ ലോക്കൽ കമ്മിറ്റികളിൽ ചർച്ചയാകുമെങ്കിലും ടി.എം. സിദ്ദീഖിനെതിരെയുള്ള നടപടി തന്നെയാകും പ്രധാന വിഷയം. ഇത് സമ്മേളനങ്ങളിൽ വലിയ ഒച്ചപ്പാടുണ്ടാക്കും. അതേസമയം, പുതുപൊന്നാനിയിൽ നടന്നത് പോലുള്ള പരസ്യ പ്രകടനങ്ങൾ തടയാനുള്ള നീക്കവും നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.