ദുരിതം, ദുരിതാശ്വാസ ക്യാമ്പിലും
text_fieldsപൊന്നാനി: ''സർക്കാറിൽനിന്ന് കിട്ടുന്ന പെൻഷൻ കൊണ്ടാണ് ജീവിതം കഴിഞ്ഞു പോകുന്നത്. വിശപ്പ് മാറ്റാനായി പലരിൽ നിന്നും വാങ്ങിയ കടം വീട്ടാൻ മാത്രമെ പെൻഷൻ തുക കൊണ്ട് ഇപ്പോൾ കഴിയുന്നുള്ളൂ...എന്നാലും ഒരൊറ്റ ആഗ്രഹം മാത്രമേ ബാക്കിയുള്ളൂ. നീണ്ട് നിവർന്ന് കിടന്ന് മരിക്കാൻ ഒരിടം വേണം'' -പൊന്നാനി നഗരസഭയുടെ പുനരധിവാസ ക്യാമ്പിലുള്ള തണ്ണീർ കുടിയെൻറ മൊയ്തീൻ ബാവയും പഴയ പുരക്കൽ ഹംസയും കണ്ണീരോടെയാണ് അവരുടെ ജീവിത ദുരിതം വിവരിക്കുന്നത്. ദുരിതങ്ങൾക്ക് നടുവിലാണ് കഴിഞ്ഞ മൂന്ന് വർഷത്തോളമായി രണ്ട് കുടുംബങ്ങൾ ജീവിതം മുന്നോട്ടുകൊണ്ടു പോകുന്നത്. പൊന്നാനി എം.ഇ.എസ് സ്കൂളിലെ താൽക്കാലിക ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സഹായങ്ങളുമായി നിരവധി പേർ എത്തുന്നുണ്ടെങ്കിലും കാണാതെ പോവുകയാണ് നഗരസഭയുടെ പുനരധിവാസ കേന്ദ്രത്തിലുള്ള ഈ കുടുംബങ്ങളുടെ ദുരിതം.
അപ്രതീക്ഷിതമായെത്തിയ തിരമാലകളാണ് ഇവരെ ദുരിതാശ്വാസ ക്യാമ്പിലെ ദുരിതങ്ങളിലേക്കെത്തിച്ചത്. രണ്ട് വർഷം മുന്നത്തെ കടലാക്രമണത്തിലാണ് ഇവർക്ക് വീടുകൾ നഷ്ടമായത്. ഹിളർ പള്ളിയുടെ പിൻവശമാണ് ബാവയും ഭാര്യ ആമിനുവും താമസിച്ചിരുന്നത്. 13 സെൻറ് ഭൂമിയിലായിരുന്നു വീട്. 40 കൊല്ലം താമസിച്ച വീടാണ് ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോഴേക്ക് കടലിെൻറ ഭാഗമായത്. ഹംസയും ഭാര്യ നഫീസയും ഹിളർ പള്ളിയോടു ചേർന്ന വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
ഭവന രഹിതരാക്കപ്പെട്ട ഇവർ ദുരിതാശ്വാസ ക്യാമ്പിലെത്തിയതോടെ ദുരിതങ്ങളുടെ കുത്തൊഴുക്കാണ് ഇവരെ സ്വീകരിച്ചത്. രണ്ട് ഹാളുകളിലായാണ് ഇവരുടെ താമസം. കിടക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതുമൊക്കെ ഹാളിൽ തന്നെ. കടപ്പുറത്തു നിന്ന് മണൽ കൊണ്ടുവന്ന് നിറച്ച് അതിനു മുകളിൽ കട്ടിലിട്ടാണ് കിടത്തം. മഴ ശക്തമായതോടെ വെള്ളം മുഴുവൻ ഹാളിനകത്താണ്. അടുപ്പ് കത്തിക്കാനാകാത്ത സ്ഥിതി.
പരിസരമാകെ കാട് മൂടി. വിഷപാമ്പുകൾ ഹാളിലെത്തുന്നത് പതിവാണ്. കുളിമുറിയും കക്കൂസും പുറത്തായതിനാൽ പാമ്പിനെ പേടിച്ച് പോകാറില്ല. തൊട്ടടുത്ത വീടുകളിലാണ് പ്രാഥമിക കർമം നിർവഹിക്കാൻ ഇവർ പോകാറുള്ളത്. പ്രായത്തിൻറെ അവശതകൾ രണ്ടു പേർക്കുമുണ്ട്. തീരത്തെ ദുരിതബാധിതർക്കായി പൊന്നാനി ഫിഷിങ് ഹാർബറിൽ നിർമാണം പൂർത്തിയാകുന്ന ഭവന സമുച്ചയത്തിൽ വീടുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇരു കുടുംബങ്ങളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.