ഗുജറാത്തി കുടുംബങ്ങളിൽ നിറപ്പൊലിമയുടെ ദീപാവലി
text_fieldsപൊന്നാനി: ജന്മനാടിന്റെ ഗൃഹാതുരത്വം നിറഞ്ഞ സ്മരണകളുമായി പൊന്നാനി തൃക്കാവിലെ ഗുജറാത്തി കുടുംബങ്ങളിൽ നിറപ്പൊലിമയുടെ ദീപാവലി ആഘോഷിച്ചു. രംഗോളി ഒരുക്കിയും മധുരം നൽകിയും വർണാഭമായാണ് ദീപാവലി ആഘോഷിച്ചത്.
ധൻ തേരസോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. സ്വർണാഭരണങ്ങൾ വാങ്ങുന്നത് പുണ്യമെന്ന് ഗുജറാത്തികൾ കരുതുന്ന ദിനമാണ് ധൻ തേരസ്. കൂടാതെ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വീടുകൾക്ക് ചുറ്റും ദീപങ്ങൾ തെളിയിക്കുകയും ചെയ്യും. വീട്ടിലെ മുതിർന്നവരും കുട്ടികളും ഒത്തുചേർന്നാണ് വീടുകൾ ദീപാലംകൃതമാക്കുക. നരക ചതുർദശിയും പുസ്തക പൂജയും നടന്നു.
ഗുജറാത്തി കുടുംബങ്ങൾ ദീപാവലി നിറപ്പൊലിമയോടെയാണ് ആഘോഷിച്ചത്. കുടുംബങ്ങളിൽ മുതിർന്നവരും മറ്റും ഒത്തുചേരുകയും ആശീർവാദം വാങ്ങുകയും ചെയ്തു. പൊന്നാനി തൃക്കാവിൽ ഗുജറാത്തി സമാജക്കാർക്ക് പ്രത്യേകം ക്ഷേത്രം തന്നെയുണ്ട്. വെള്ളിയാഴ്ച നൂതൻ (പുതിയ) വർഷം ആരംഭിക്കും. വർഷാരംഭം ആഘോഷപൂർവം കൊണ്ടാടുകയെന്നതാണ് ഗുജറാത്തി കുടുംബങ്ങളുടെ പരമ്പരാഗത രീതി. തുടർന്ന് ഗോവർധന പൂജ നടക്കും.
പശുക്കിടാങ്ങളെ പൂജിക്കുകയും ഇവയുടെ ക്ഷേമത്തിനുള്ള പ്രത്യേക പ്രാർഥനകളും നടക്കും. കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള ഭായ് ദൂജ് ചടങ്ങു നടക്കുന്നത് ചൊവ്വാഴ്ചയാണ്. സഹോദരൻമാർ, സഹോദരിമാരുടെ വീടുകളിലെത്തി സന്തോഷം പങ്കിടുകയെന്നതാണ് ഭായ്ദുജ് ദിവസത്തിന്റെ പ്രത്യേകത.
നൂറു വർഷം മുമ്പാണ് പൊന്നാനിയിൽ വ്യാപാര ആവശ്യാർഥം ഗുജറാത്തിൽനിന്ന് നൂറോളം കുടുംബങ്ങൾ പൊന്നാനിയിലെത്തിയത്. 25ലധികം കുടുംബങ്ങളുണ്ടായിരുന്ന പൊന്നാനി തൃക്കാവിൽ ഇപ്പോൾ പത്തോളം കുടുംബങ്ങൾ മാത്രമാണുള്ളത്. കുടുംബങ്ങളുടെ എണ്ണം കുറഞ്ഞാലും ആഘോഷപ്പൊലിമ ഒട്ടും ചോരാതെയാണ് ഗുജറാത്തി കുടുംബങ്ങളിൽ ഈ വർഷവും ദീപാവലി ആഘോഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.