പൊന്നാനിയിൽ കുടിവെള്ള പരിശോധനയിലും ഉപ്പിന്‍റെ സാന്നിധ്യം
text_fieldsപൊന്നാനി: ആഴ്ചകളായി കുടിവെള്ളത്തിനുപകരം ഉപ്പുവെള്ളം വിതരണം ചെയ്യുന്നുവെന്ന പരാതിയെത്തുടർന്ന് നടത്തിയ പരിശോധനയിലും ഉപ്പിന്‍റെ അംശം സ്ഥിരീകരിച്ചു. 150 പി.പി.എം (പാർട്സ് പെർ മില്യൻ) അളവിലാണ് ക്ലോറൈഡിന്‍റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. ഷീറ്റ് പൈലിനിടയിലൂടെ ഉപ്പുവെള്ളം കുടിവെള്ള ടാങ്കിലേക്ക് ഇരച്ചുകയറി ഉപ്പുകലർന്ന വെള്ളം വിതരണം ചെയ്തതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു. തുടർന്ന് ഉപ്പ് വെള്ളം കയറുന്നത് തടയാൻ ജല അതോറിറ്റി ബണ്ട് കെട്ടിയെങ്കിലും രക്ഷയുണ്ടായില്ല.
ഉപ്പ് രസമുള്ള വെള്ളമാണ് വിതരണം ചെയ്യുന്നതെന്ന് പരാതി ഒരാഴ്ച മുമ്പേ ഉയർന്നെങ്കിലും ഇത് നിഷേധിച്ച ഉദ്യോഗസ്ഥർ തുടർച്ചയായി വേനൽമഴ പെയ്തതിനെത്തുടർന്ന് പുഴയിലെ ഉപ്പ് വെള്ളത്തിന്‍റെ കാഠിന്യം കുറഞ്ഞതോടെയാണ് പരിശോധനയുമായി രംഗത്തുവന്നത്.
ശുദ്ധീകരണത്തിന് മുമ്പാണ് 150 പി.പി.എം കണ്ടെത്തിയത്. ശുദ്ധീകരണത്തിന് ശേഷം ഈ അളവിൽ കുറവുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.1000 പി.പി.എമ്മിന് മുകളിലേക്ക് ക്ലോറൈഡ് ഉയർന്നാലാണ് കഠിന്യമേറിയ ഉപ്പുരസം ഉണ്ടാകൂവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊന്നാനിയുടെ വിവിധ മേഖലകളിലും പരിശോധന നടത്തി. പൊന്നാനി കടലോര പ്രദേശങ്ങൾ, പുതുപൊന്നാനി ബീവി ജാറം പ്രദേശം, കടവനാട്, പള്ളപ്രം മേഖലകളിലാണ് പരിശോധന നടത്തിയത്. ദിവസങ്ങൾക്ക് മുമ്പ് ടാങ്കുകളിൽ ശേഖരിച്ച വെള്ളത്തിൽ ഉപ്പ് രസം കണ്ടെത്തി.പുതിയ വെള്ളത്തിൽ ഉപ്പിന്‍റെ സാന്നിധ്യം കുറവാണെന്നും, ടാങ്കുകൾ കഴുകി വൃത്തിയാക്കാനും ഉദ്യോഗസ്ഥർ നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.