പൊന്നാനിയിൽ ലഹരി പിടി മുറുക്കുന്നു; മുൻ കൗൺസിലർക്ക് മർദനം : രണ്ടുപേർ അറസ്റ്റിൽ
text_fieldsപൊന്നാനി: പൊന്നാനിയിൽ ലഹരി ഉപയോഗം ചോദ്യം ചെയ്തതിൽ മുൻ കൗൺസിലർക്ക് മർദനമേറ്റ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കോട്ടത്തറ കളരി പറമ്പിൽ ഹൃത്വിക് (23), സുഹൃത്തും കോട്ടത്തറ മംഗലത്ത് വിഷ്ണു (32) എന്നിവരെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്.
തേവർ ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് പുതുവർഷ ആഘോഷ ഭാഗമായി വീടിനുസമീപത്ത് രാത്രിയിൽ ലഹരി ഉപയോഗിച്ച് ബഹളംവെച്ചതിനെ പരിസരവാസികൾ ചോദ്യം ചെയ്തതിനെത്തുടർന്ന് സഹോദരനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മുൻ വാർഡ് കൗൺസിലർ കൂടിയായ കളരിപറമ്പിൽ ശ്യാമളയെയും കുടുംബത്തെയും വീട്ടിൽകയറി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്.
തിരൂർ ഡിവൈ.എസ്.പി ഇ. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ പൊന്നാനി പൊലീസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത് എന്നിവർ ഉൾപ്പടെയുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപെട്ടിട്ടുണ്ടോ എന്നവിവരം പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രതികളെ പൊന്നാനി കോടതിയിൽ ഹാജരാക്കി.
ലഹരി മാഫിയ; ജനങ്ങളുടെ ആശങ്കപരിഹരിക്കണം -കോൺഗ്രസ്
പൊന്നാനി: നഗരസഭ പ്രദേശങ്ങളിൽ ലഹരി ഉപയോഗിച്ച് അക്രമം നടത്തുന്നത് കാരണം ജനങ്ങൾക്കുണ്ടാകുന്ന ആശങ്കകൾക്ക് പൊലീസാണ് ഉത്തരവാദിയെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി.
രാത്രി സമയത്ത് നഗരസഭ പ്രദേശങ്ങളിലെ ചെറിയ റോഡുകളിലിരുന്ന് ദൂരെ സ്ഥലങ്ങളിൽനിന്നും യുവാക്കളെത്തിയാണ് കഞ്ചാവ്, എം.ഡി.എം.എ തുടങ്ങിയ മയക്കുമരുന്ന് ഉപയോഗം നടത്തുന്നത്. പരാതി പറയുന്നതിന് പൊലീസ് ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചാൽ മിക്ക സമയത്തും ഫോൺ എടുക്കില്ല.
വിവരമറിയിച്ചാൽ തന്നെ വാഹനമില്ല, പൊലീസില്ല, നോക്കട്ടെ എന്ന് മറുപടിയാണ് ലഭിക്കുന്നത്. പരിസരവാസികൾ ലഹരിമരുന്ന് ഉപയോഗം ചോദ്യംചെയ്താൽ അക്രമം നടത്തുകയാണ് ചെയ്യുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുവേണ്ടി യുവാക്കൾ കേന്ദ്രീകരിക്കുന്ന പ്രദേശങ്ങളിൽ പ്രദേശവാസികൾക്ക് മനസ്സമാധാനത്തോടുകൂടി താമസിക്കാനും യാത്ര ചെയ്യാനും ബുദ്ധിമുട്ടുന്നു.
രാത്രിയിൽ മയക്കുമരുന്ന് ഉപയോഗത്തെപ്പറ്റി പരാതി ലഭിച്ചാൽ പൊലീസ് പരിശോധന നടത്തി ജനങ്ങളുടെ ആശങ്കക്ക് പരിഹാരം കാണാൻ പൊലീസ് ഉദ്യോഗസ്ഥർ തയവറാവണമെന്നും പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.