പൊടിയിൽ മുങ്ങി പൊന്നാനി ചമ്രവട്ടം ജങ്ഷൻ
text_fieldsപൊന്നാനി: എടപ്പാൾ-പൊന്നാനി സംസ്ഥാന പാതയിലെ ചമ്രവട്ടം ജങ്ഷനിലെ തകർന്ന് ഗതാഗതം ദുസ്സഹമായ റോഡിൽ പൊടിശല്യം യാത്രക്കാർക്ക് ഇരട്ടി ദുരിതമാവുന്നു.
ചമ്രവട്ടം ജങ്ഷനിലെ നാലു ഭാഗത്തെയും പൊടിശല്യം മൂലമാണ് യാത്രക്കാരും കച്ചവടക്കാരും ദുരിതത്തിലായിരിക്കുന്നത്. തകർന്ന റോഡിലിട്ട ക്വാറി പൊടിയാണ് ശല്യത്തിന് കാരണമാവുന്നത്. കൂടാതെ ദേശീയപാത നിർമാണത്തിന്റെ ഭാഗമായുള്ള മേൽപാലത്തിന്റെ പ്രവൃത്തി നടക്കുന്നതിനാൽ പൊന്നാനി-പുതുപൊന്നാനി റോഡിലും സഞ്ചരിക്കാനാവാത്ത വിധം പൊടി ഉയരുകയാണ്.
വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ ഉയരുന്ന പൊടിയിൽ ബൈക്ക് യാത്രികർക്ക് മുൻവശം പോലും കാണാനാവാത്ത സ്ഥിതിയാണ്. വലിയ കണ്ടെയ്നർ ലോറികളും ചരക്ക് ലോറികളും ബസുകളും ഒരേ സമയം യാത്ര ചെയ്യുമ്പോൾ പൊടിശല്യത്തിനൊപ്പം ഗതാഗത കുരുക്കും വർധിക്കുകയാണ്. കുഴി നിറഞ്ഞ റോഡിലൂടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ ഉയരുന്ന പൊടി മൂലം മുഖം പൊത്തേണ്ട സ്ഥിതിയിലാണ് ഇരുചക്രവാഹന യാത്രക്കാർ.
ചമ്രവട്ടം ജങ്ഷനിലെ കച്ചവടക്കാർക്കാണ് പൊടിശല്യം ദുരിതമാകുന്നത്. സാധനങ്ങളിൽ പൊടിപിടിക്കുന്നതിനാൽ ഈ ഭാഗത്തെ കച്ചവടത്തെയും സാരമായി ബാധിക്കുന്നുണ്ട്. ഇപ്പോൾ മാസ്ക് ധരിച്ചാണ് പലരും കടയിലിരിക്കുന്നത്. റോഡിലെ കുഴികളടച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.