വിഭാഗീയത നിഴലിച്ച് ഡി.വൈ.എഫ്.ഐ മേഖല സമ്മേളനങ്ങൾ
text_fieldsപൊന്നാനി: സി.പി.എം പൊന്നാനി ഏരിയ സമ്മേളനത്തെ തുടർന്ന് ഉടലെടുത്ത വിഭാഗീയത ഡി.വൈ.എഫ്.ഐ മേഖല സമ്മേളനങ്ങളിലും നിഴലിക്കുന്നു. ഡി.വൈ.എഫ്.ഐ പൊന്നാനി ബ്ലോക്ക് കമ്മിറ്റിക്ക് കീഴിൽ സമ്മേളനം പൂർത്തിയായ എട്ട് മേഖല സമ്മേളനങ്ങളിലും നേതൃരംഗത്ത് സജീവമായിരുന്നവരെ നീക്കിയതോടെയാണ് വിഭാഗീയത മറനീക്കിയത്. ഡി.വൈ.എഫ്.ഐ പൊന്നാനി നഗരം മേഖല പ്രസിഡന്റായിരുന്ന പാലക്കൽ അലിയെ സി.പി.എം പുതുപൊന്നാനി നോർത്ത് ബ്രാഞ്ച് സെക്രട്ടറിയുടെ ചുമതലയുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി പുതിയ മേഖല കമ്മിറ്റിയിൽനിന്ന് നീക്കി. പൊന്നാനി മേഖല കമ്മിറ്റി ട്രഷറർ ആയിരുന്ന സിയാദിനെയും സി.പി.എം വെള്ളീരി ബ്രാഞ്ച് സെക്രട്ടറിയുടെ ചുമതലയുടെ കാര്യം പറഞ്ഞ് പുതിയ മേഖല കമ്മിറ്റിയിൽനിന്ന് നീക്കി.
അതേസമയം, സി.പി.എം ഔദ്യോഗിക നേതൃത്വത്തോട് ചേർന്നുനിൽക്കുന്നവർക്ക് ഡി.വൈ.എഫ്.ഐ നേതൃസ്ഥാനത്തേക്ക് എത്തുന്നതിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സ്ഥാനം തടസ്സമായില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. ഈഴുവത്തിരുത്തി മേഖല സെക്രട്ടറിയായ ശരജിത്ത് നിലവിൽ കോട്ടത്തറ ബ്രാഞ്ച് സെക്രട്ടറിയാണ്.
ചെറുവായ്ക്കര മേഖല ട്രഷറർ ഷാഹുൽ ഹമീദ് പൊന്നാനി നഗരസഭ കൗൺസിലറും നൈതല്ലൂർ ബ്രാഞ്ച് സെക്രട്ടറിയുമാണ്. വൈസ് പ്രസിഡന്‍റ് കെ.പി. ശരത്ത് ഗവ. ജീവനക്കാരുടെ സഹകരണ സൊസൈറ്റിയിലെ ജീവനക്കാരനും കോട്ട ബ്രാഞ്ച് സെക്രട്ടറിയുമാണ്. കാഞ്ഞിരമുക്ക് മേഖല കമ്മിറ്റി സെക്രട്ടറി ടി.എം. ജിതിൻ നിലവിൽ കാരക്കാട് ബ്രാഞ്ച് സെക്രട്ടറിയും സി.പി.എം കാഞ്ഞിരമുക്ക് ലോക്കൽ കമ്മിറ്റി അംഗവുമാണ്.
മാറഞ്ചേരി മേഖല സെക്രട്ടറി കെ. ജിജിലും പാർട്ടിയുടെ വടമുക്ക് ബ്രാഞ്ച് സെക്രട്ടറിയാണ്. ഒരുവിഭാഗത്തെ നേതൃസ്ഥാനത്തുനിന്ന് നീക്കാൻ നടത്തിയ ശ്രമം അണികളിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.