കൈയേറ്റം തിരിച്ചുപിടിക്കൽ കനോലി കനാൽ തീരത്ത് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
text_fieldsപൊന്നാനി: കനോലി കനാൽ തീരത്ത് വ്യാപക കൈയേറ്റമുണ്ടെന്ന കണ്ടെത്തലിനെത്തുടർന്ന് കൈയേറ്റങ്ങൾ തിരിച്ചുപിടിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായുള്ള സർവേ നടപടികൾ പൂർത്തിയായി. സർവേയിൽ കണ്ടെത്തിയ ഭാഗങ്ങളിൽ മാർക്കിങ് പ്രവൃത്തികൾ ചൊവ്വാഴ്ചയോടെ പൂർത്തിയായി. ഇറിഗേഷൻ വകുപ്പും റവന്യൂ വകുപ്പും സംയുക്തമായാണ് സർവേ ചെയ്ത് മാർക്കിങ് നടത്തിയത്. അടുത്ത ദിവസം മുതൽ ഈ ഭാഗങ്ങളിൽ കല്ലിട്ട് തുടങ്ങും.
കനാലിന്റെ മധ്യഭാഗത്ത് നിന്ന് ഇരുകരകളിലേക്ക് 25 മീറ്റർ വീതമാണ് മാർക്ക് ചെയ്തത്. ഈ 50 മീറ്റർ പരിധിയിൽ കൈയേറിയ മുഴുവൻ സ്ഥലങ്ങളും ഉടൻ തന്നെ ഒഴിയാൻ നോട്ടീസ് നൽകും. പൊന്നാനി മുതൽ അണ്ടത്തോട് വരെയുള്ള കനാലിന്റെ തീരങ്ങളിൽ വ്യാപക കൈയേറ്റം നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. പഴയ റവന്യൂ രേഖകൾ പരിശോധിച്ച് കൈയേറ്റം കണ്ടെത്തി സർക്കാർ ഭൂമി വീണ്ടെടുക്കാനാണ് ശ്രമം. സർവേ പൂർത്തീകരിച്ച് കല്ലുകളും സ്ഥാപിക്കും. സോളാർ ബോട്ടുകൾ ഓടിക്കുന്നതിന്റെ ഭാഗമായാണ് കനാൽ ആഴം വർധിപ്പിച്ച് തീരത്തെ കൈയേറ്റങ്ങൾ കണ്ടെത്തുന്നത്. കനാലിനെ പഴയ പ്രൗഡിയോടെ വീണ്ടെടുക്കാനും ടൂറിസം രംഗത്തെ കുതിച്ചുചാട്ടത്തിനും വഴിയൊരുക്കാനായാണ് കനോലി കനാൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നത്.
രണ്ട് കോടി രൂപ ചെലവിലാണ് നവീകരണം നടപ്പാക്കുന്നത്. കനോലി കനാലിൽ 80 സെന്റീമീറ്ററോളം മണ്ണെടുത്ത് ആഴം കൂട്ടുന്ന പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. പൊന്നാനി അങ്ങാടിപ്പാലം മുതൽ അണ്ടത്തോട് വരെ പത്ത് കിലോമീറ്റർ ദൂരത്തിലാണ് ആഴം കൂട്ടുന്നത്. മാലിന്യം അടിഞ്ഞുകൂടിയതിനാൽ സമയപരിധിക്കകം പ്രവൃത്തി പൂർത്തീകരിക്കാനാവില്ലെങ്കിലും മിക്ക ഭാഗങ്ങളും ആഴം കൂട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.