ബിയ്യം കോൾ മേഖലയെ വീണ്ടും പച്ചപ്പണിയിക്കും
text_fieldsപൊന്നാനി: ബിയ്യം കോൾ മേഖലയിൽ പതിറ്റാണ്ടുകളായി തരിശായികിടന്ന ഭാഗങ്ങളിൽ വീണ്ടും കൃഷിയിറക്കാൻ അടിസ്ഥാന സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെ കോൾ മേഖലയിലേക്ക് വെള്ളമെത്തിക്കാനുള്ള പദ്ധതി ഊർജിതം. പൊന്നാനി താലൂക്കിലെ കാർഷിക മേഖലയിലെ ജലക്ഷാമം പരിഹരിക്കാനാവശ്യമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് പി. നന്ദകുമാർ എം.എൽ.എ അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ചമ്രവട്ടം റെഗുലേറ്ററിന് മേൽഭാഗത്തെ ഞാറക്കലിൽനിന്ന് ശുദ്ധജലം ബിയ്യം കായലിൽ എത്തിക്കുന്ന ഭാരതപ്പുഴ ബിയ്യം കായൽ ലിങ്ക് കനാൽ പദ്ധതി അടിയന്തരമായി നടപ്പാക്കും.
അതോടെ ബിയ്യം ഏത് സമയത്തും ജലസമൃദ്ധമാകുന്നതോടൊപ്പം കോൾനിലങ്ങളിലും വെള്ളം ലഭിക്കും. ഭാരതപ്പുഴയിൽനിന്ന് അതളൂർ ചെറിയ തോട് വഴി അതളൂർ അങ്ങാടിയിലെത്തിക്കുന്ന വെള്ളം തുടർന്ന് കാർഷിക മേഖലകളിലേക്ക് എത്തിക്കും. തവനൂർ, കാലടി, പൊന്നാനി നഗരസഭ എന്നീ പരിധികളിലൂടെയാണ് വെള്ളമെത്തിക്കുക. 7.8 കിലോമീറ്റർ ദൂരത്തിലാണ് തോട് തയാറാക്കുന്നത്. ഭാരതപ്പുഴയിൽ നിന്ന് അതളൂർ അങ്ങാടിയിലേക്ക് ആദ്യഘട്ടത്തിൽ 1.3 കിലോമീറ്റർ ദൂരത്തിൽ പൈപ്പ് സ്ഥാപിക്കും. 90 സെന്റിമീറ്റർ വ്യാസമുള്ള പൈപ്പിടാനാണ് തീരുമാനം. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഇറിഗേഷൻ വകുപ്പിന് കീഴിൽ സർവേ പൂർത്തിയായിയിരുന്നു. ഭാരതപ്പുഴയിൽനിന്ന് വെള്ളം പൈപ്പ് വഴി കൃഷി മേഖലയിലെ കനാലുകളിലേക്കും തോടുകളിലേക്കുമെത്തിച്ച് കർഷകർക്ക് ജലലഭ്യത ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം.
നേരത്തേ സജീവമായി കൃഷി നടന്നിരുന്ന മേഖലയിൽ ഇപ്പോൾ ഏക്കർ കണക്കിന് തരിശിട്ടിരിക്കുകയാണ്. വെള്ളമെത്തിക്കാനുള്ള പ്രയാസം മൂലമാണ് കൃഷിഭൂമി പതിറ്റാണ്ടുകളായി തരിശിടേണ്ടി വന്നത്. പൊന്നാനി കോളിലെ വിവിധ പ്രദേശങ്ങളിലെ കർഷകർക്ക് ജല ലഭ്യത ഉറപ്പു വരുത്തുന്ന രീതിയിലാണ് ജലസേചന വകുപ്പും കൃഷിവകുപ്പും സംയുക്തമായി പദ്ധതി നടപ്പാക്കുന്നത്.
പി. നന്ദകുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. സിന്ധു, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ, തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറ, വൈസ് പ്രസിഡന്റ് ശിവദാസ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.