ന്യൂനമർദം; മത്സ്യബന്ധന യാനങ്ങൾ കരക്കടുപ്പിച്ചു
text_fieldsപൊന്നാനി: ഫിൻജാൽ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ ന്യൂനമർദത്തിന്റെ ഫലമായി ശക്തമായ കാറ്റു വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങരുതെന്ന മുന്നറിയിപ്പിനെത്തുടർന്ന് ബോട്ടുകൾ കരക്കടുപ്പിച്ചു. നേരത്തെ മത്സ്യബന്ധനത്തിനിറങ്ങിയ ബോട്ടുകളും ഞായറാഴ്ച രാത്രിയോടെ തിരിച്ചെത്തിയിരുന്നു. ആഴക്കടലിൽ മത്സ്യ ബന്ധനം നടത്തിയിരുന്ന ബോട്ടുകളാണ് കരക്കടുപ്പിച്ചത്.
തീരക്കടൽ മത്സ്യ ബന്ധനം നടത്തുന്ന ബോട്ടുകളും വള്ളങ്ങളും കരയിൽ നങ്കൂരമിട്ടു. ചെറുവള്ളങ്ങൾ പൂർണമായും കടലിലിറങ്ങിയില്ല. ജാഗ്രത നിർദേശത്തെത്തുടർന്ന് ദിവസങ്ങളോളം ബോട്ടുകൾ കരക്കടുപ്പിക്കന്നതിനാൽ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാകുന്നത്. ട്രോളിങ് നിരോധനം കഴിഞ്ഞുള്ള സീസണിൽ സാധാരണ ഗതിയിൽ കൂന്തളും, വലിയ ചെമ്മീനും ലഭിക്കാറുണ്ടെങ്കിലും, ഈ സീസണിൽ വലിയ മത്സ്യങ്ങൾ ഇതുവരെ ലഭിച്ചില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.
ട്രോളിങ് നിരോധനത്തിന് ശേഷമുള്ള രണ്ടു മാസക്കാലം ലക്ഷങ്ങളുടെ വലിയ മത്സ്യമാണ് ലഭിക്കേണ്ടത്. ജില്ലയിലെ മത്സ്യ ബന്ധന തുറമുഖങ്ങളിൽ പലപ്പോഴും ആളൊഴിഞ്ഞ പ്രതീതിയാണ്. ബോട്ടുകളിൽ തൊഴിലെടുത്ത് ഉപജീവനം തേടുന്നവർക്കും, ജോലി കുറവായതിനാൽ ഇവരിൽ പലരും മറ്റു തൊഴിൽ മേഖല തേടുകയാണ്.
ഇന്ധന വിലവർധനയും മത്സ്യത്തിന് വില ലഭിക്കാത്തതും മൂലം പല ബോട്ടുടമകളും നഷ്ടം സഹിക്കാനാവാത്തതിനാൽ ബോട്ടുകൾ കടലിലിറക്കാൻ മടിക്കുകയാണ്. പൊന്നാനിയിലെ ഭൂരിഭാഗം ബോട്ടുകളും നഷ്ടം സഹിക്കാനാവാതെ കരയിൽ തന്നെ നിർത്തിയിട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.