പൊന്നാനിയിലെ ഫിഷറീസ് കോംപ്ലക്സ്: സാങ്കേതികാനുമതി നീളുന്നു
text_fieldsപൊന്നാനി: ജില്ലയിലെ ഫിഷറീസ് ആസ്ഥാനമായ പൊന്നാനിയിൽ ഫിഷറീസ് കോംപ്ലക്സ് നിർമിക്കാൻ ഭരണാനുമതി ലഭിച്ച് നാളുകൾ ഏറെ പിന്നിട്ടിട്ടും പദ്ധതിക്കായുള്ള സാങ്കേതികാനുമതി നീളുന്നു.
നാല് കോടി രൂപ ചെലവിലാണ് ഫിഷറീസ് കോംപ്ലക്സ് നിർമിക്കുക. പദ്ധതിക്കായി പി. നന്ദകുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപയും ഫിഷറീസ് വകുപ്പിന്റെ മൂന്ന് കോടി രൂപയും ചെലവഴിച്ചാണ് കോംപ്ലക്സ് നിർമിക്കാൻ തീരുമാനിച്ചിരുന്നത്.
ഫിഷറീസ് വകുപ്പിന്റെ കൈവശമുള്ള പഴയ ഐസ് പ്ലാന്റ് നിന്നിരുന്ന 60 സെന്റ് സ്ഥലത്താണ് കോംപ്ലക്സ് നിർമിക്കുക. എന്നാൽ പദ്ധതിക്കായുള്ള സാങ്കേതികാനുമതി അനന്തമായി നീളുന്നതോടെ പ്രദേശം കാടുമൂടി നശിക്കുകയാണ്.
പഴയ ഐസ് പ്ലാന്റ് കെട്ടിടത്തിന് മുകളിൽ വളർന്നു നിൽക്കുന്ന മരം ഏത് നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. അപകട ഭീഷണി ഉയർത്തുന്ന മരം മുറിച്ചു മാറ്റണമെന്ന ആവശ്യവും ശക്തമാണ്.
നേരത്തെ ഫിഷറീസ് ഓഫീസ് പ്രവർത്തിച്ചിരുന്ന കോടതി സമുച്ചത്തിന്റെ കാലപ്പഴക്കം മൂലം നിലവിൽ വാടക കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. ഫിഷറീസ് ഓഫിസുകളെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് ഫിഷറീസ് കോംപ്ലക്സ് നിർമിക്കാൻ തീരുമാനിച്ചത്.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസ്, മത്സ്യഭവൻ, ക്ഷേമനിധി ഓഫിസ് തുടങ്ങി ഫിഷറീസുമായി ബന്ധപ്പെട്ട മുഴുവൻ കേന്ദ്രങ്ങളെയും ഒറ്റ കുടക്കീഴിൽ കൊണ്ടുവരുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.