പ്രതികൂല കാലാവസ്ഥയും ഡീസൽ വിലവർധനവും; പ്രതിസന്ധിയിൽ കുരുങ്ങി മത്സ്യബന്ധന മേഖല
text_fieldsപൊന്നാനി: ഡീസൽ വിലവർധനവിൽ നട്ടെല്ലൊടിഞ്ഞ മത്സ്യബന്ധനമേഖലക്ക് തുടർച്ചയായുണ്ടാകുന്ന കാലാവസ്ഥ മുന്നറിയിപ്പ് ഇരുട്ടടിയാകുന്നു. ഈ സീസണിലെ അവസാന ദിവസങ്ങളിൽ കടലിലിറങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ് മീൻപിടുത്ത ബോട്ടുകളും വള്ളങ്ങളും. ഇതിനിടെ മത്സ്യലഭ്യത കുറഞ്ഞതോടെ കഴിഞ്ഞ രണ്ടുമാസമായി മിക്ക ബോട്ടുകളും കടലിൽ പോകാനാകാതെ തീരത്ത് വിശ്രമത്തിലാണ്. മേഖലക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് കടൽക്കാറ്റും മത്സ്യലഭ്യതക്കുറവും ഡീസൽ വില വർധനവും.
കേരളത്തിലെ മത്സ്യബന്ധനബോട്ടുകളും വള്ളങ്ങളും പ്രധാനമായും ഉപയോഗിക്കുന്ന ഇന്ധനമായ ഡീസലിന്റെ ക്രമാതീതമായ വിലവർധനവും മത്സ്യലഭ്യതക്കുറവും മൂലം ജില്ലയിലെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലുകളിലേർപ്പെട്ടവരുടെയും ജീവിതം പ്രതിസന്ധിയിലാണ്. മറ്റ് പല സംസ്ഥാനങ്ങളും മത്സ്യമേഖലയിൽ ഡീസലിന് സബ്സിഡി നൽകുന്നുണ്ടെങ്കിലും കേരളത്തിലെ മത്സ്യബന്ധന യാനങ്ങൾക്ക് സർക്കാർ സബ്സിഡി നൽകാത്തതാണ് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. നൂറുരൂപയിൽ താഴെ വിലയുള്ള മത്സ്യങ്ങൾ മാത്രം ലഭിക്കുന്നതിനാൽ നഷ്ടക്കണക്കുകൾ മാത്രമാണ് തീരത്തിന് പറയാനുള്ളത്.
ബോട്ടുകൾ കടലിലിറങ്ങി മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും 50,000 രൂപയോളമാണ് ഇന്ധനച്ചെലവിനായി മാത്രം മാറ്റിവെക്കേണ്ടി വരുന്നത്. വലിയ ബോട്ടുകൾ ദിവസങ്ങളോളം കടലിൽത്തങ്ങിയാണ് മീൻ പിടിക്കുന്നത്. പലപ്പോഴും ഇന്ധന ചെലവ് പോലും തിരികെപ്പിടിക്കാൻ കഴിയാതെ ലക്ഷങ്ങളുടെ കടബാധ്യതയാണ് ഡീസൽ വർധന മൂലം ഉണ്ടാകുന്നത്.
ട്രോളിങ് നിരോധനം കഴിഞ്ഞശേഷം പലപ്പോഴായി കടൽ പ്രക്ഷുബ്ധമായതിനാലും കാലാവസ്ഥ മുന്നറിയിപ്പ് മൂലവും ബോട്ടുകൾ മിക്കപ്പോഴും തീരത്തുതന്നെ കെട്ടിയിടുകയായിരുന്നു. ഇതോടെ ജില്ലയിലെ മത്സ്യബന്ധന തുറമുഖങ്ങളിൽ പലപ്പോഴും ആളൊഴിഞ്ഞ പ്രതീതിയാണ്. ബോട്ടുകളിൽ തൊഴിലെടുത്ത് ഉപജീവനം തേടുന്നവർക്കും ജോലി കുറവായതിനാൽ ഇവരിൽ പലരും മറ്റു തൊഴിൽ മേഖല തേടുകയാണ്. ഇന്ധന വിലവർധനയും മത്സ്യത്തിന് വില ലഭിക്കാത്തതും മൂലം പല ബോട്ടുടമകളും നഷ്ടം സഹിക്കാനാവാത്തതിനാൽ ബോട്ടുകൾ കടലിലിറക്കാൻ മടിക്കുകയാണ്.
കടലിലിറങ്ങുന്ന ബോട്ടുകൾക്ക് പേരിന് മാത്രം മാന്തളും ചെമ്മീനുമാണ് ആശ്വാസമായി ലഭിക്കുന്നത്. കൂടാതെ ചെറുവള്ളങ്ങൾക്കും കടലിലിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. കടം മേടിച്ചും വായ്പയെടുത്തും ബോട്ടുകൾ വാങ്ങിയവരാണ് പ്രതിസന്ധിയിലായത്. വൈകാതെ ട്രോളിങ് നിരോധനം കൂടിയെത്തുന്നതോടെ മത്സ്യത്തൊഴിലാളികളുടെ ദുരിതം ഇരട്ടിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.