ജീവൻ രക്ഷ ഉപകരണങ്ങളില്ലാതെ കടലിലിറങ്ങിയാൽ കർശന നടപടി
text_fieldsപൊന്നാനി: സുരക്ഷ ഉപകരണങ്ങളില്ലാതെ മത്സ്യബന്ധനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി ഫിഷറീസ് വകുപ്പ്.സൗജന്യമായോ കുറഞ്ഞ നിരക്കിലോ സർക്കാർ നൽകിയ ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള ജീവന്‍രക്ഷ ഉപകരണങ്ങൾ ഉപയോഗിക്കാതെ മീൻ പിടിത്തത്തിനിറങ്ങുന്ന മത്സ്യബന്ധന ബോട്ടുകളിൽനിന്ന് കനത്ത പിഴ ഈടാക്കാനാണ് തീരുമാനം. കടലിൽ പോകുമ്പോൾ ലൈഫ് ജാക്കറ്റ് ധരിക്കണമെന്ന് ഫിഷറീസ് വകുപ്പിെൻറ നിരന്തര മുന്നറിയിപ്പ് ഉണ്ടെങ്കിലും ധരിക്കാൻ മടി കാണിക്കുകയാണ് മത്സ്യത്തൊഴിലാളികൾ. തുടർച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ ലൈഫ് ജാക്കറ്റ് അടക്കം സുരക്ഷ ഉപകരണങ്ങളില്ലാതെ കടലിൽ പോകുന്നവർക്കെതിരെ കർശന നടപടികളുമായി മുന്നോട്ടുപോകും. മറൈൻ എൻഫോഴ്സ്മെൻറിെൻറയും ലോക്കൽ പൊലീസിെൻറയും സഹകരണത്തോടെ വകുപ്പ് തിരച്ചിൽ ശക്തമാക്കുന്നതോടെ സുരക്ഷ ഉപകരണങ്ങളില്ലാത്ത വള്ളങ്ങൾക്ക് പിടിവീഴും. വള്ളമുടമക്കെതിരെയാണ് നടപടി.
പിഴയും ലൈസൻസ് റദ്ദാക്കലുമടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. വെസല്‍ മോണിറ്ററിങ് സിസ്റ്റം, സ്ക്വയര്‍ മെഷ്, കോഡ് എന്‍ഡ്, ജീവന്‍രക്ഷ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കാത്ത മത്സ്യബന്ധന ബോട്ടുകള്‍ക്കെതിരെയും മറ്റ് സുരക്ഷ, വാര്‍ത്തവിനിമയ ഉപകരണങ്ങള്‍ ഉപയോഗിക്കാത്ത മത്സ്യബന്ധന യാനങ്ങള്‍ക്കെതിരെയും ശക്തമായ പിഴ ചുമത്തും. എൻജിൻ കപ്പാസിറ്റി അനുസരിച്ച് 5000 മുതൽ രണ്ടര ലക്ഷം രൂപ വരെ പിഴയും കെ.എം.എഫ്.ആര് ആക്ട് പ്രകാരമുള്ള ശിക്ഷ നടപടികളും സ്വീകരിക്കുമെന്നും പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം. ചിത്ര അറിയിച്ചു. കഴിഞ്ഞ മാസം കടലിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേരെ കാണാതായതും സുരക്ഷ ഉപകരണങ്ങളുടെ അഭാവം മൂലമാണെന്നാണ് ഫിഷറീസ് വകുപ്പ് അധികൃതർ പറയുന്നത്.
വള്ളങ്ങളുടെ രജിസ്ട്രേഷൻ സമയത്തും വർഷാവർഷം ലൈസൻസ് പുതുക്കുമ്പോഴും ലൈഫ് ജാക്കറ്റടക്കമുള്ള സുരക്ഷ ഉപകരണങ്ങൾ വള്ളങ്ങളിലുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതാണ്. ലൈഫ് ജാക്കറ്റുകൾ ധരിക്കണമെന്ന് നിരവധി തവണ നിർദേശവും നൽകി. ഇനിയും ലൈഫ് ജാക്കറ്റ് ലഭിക്കാത്തവരുണ്ടെങ്കിൽ അവർക്ക് എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് അധികൃതർ അറിയിച്ചു. ഡിസംബർ ഒന്ന് മുതൽ നിയമലംഘകരെ കണ്ടെത്താൻ കടലിൽ പട്രോളിങ്ങും ശക്തമാക്കും.
ജി.പി.എസ്, വി.എം.എസ്, സ്ക്വയര്‍ മെഷ്, കോഡ് എന്‍ഡ് എന്നിവ ലഭിക്കുന്നതിനുള്ള അപേക്ഷ അതത് മത്സ്യഭവനുകളിലും പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിലും ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 30.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.