കടലിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ; രക്ഷാപ്രവർത്തനം പുനരാരംഭിച്ചു, തിരച്ചിൽ നടത്തുന്ന ബോട്ടുകളെ കോസ്റ്റ് ഗാർഡ് നിരീക്ഷിക്കും
text_fieldsപൊന്നാനി: കടലിൽ കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിലിനായി 15 മത്സ്യബന്ധന ബോട്ടുകൾക്ക് അടിയന്തര അനുമതി നൽകി. തിരച്ചിൽ ഊർജിതമാക്കാൻ തിരൂർ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. മത്സ്യബന്ധന ബോട്ടുകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുനരാരംഭിച്ചു.
പൊന്നാനി സ്വദേശികളായ മൂന്ന് പേരെ മത്സ്യബന്ധനത്തിനിടെ കടലിലിൽ കാണാതായിട്ട് അഞ്ച് ദിവസം പിന്നിട്ടിട്ടും തിരച്ചിൽ നിഷ്ക്രിയമാണെന്ന പരാതി വ്യാപകമായതിനെത്തുടർന്നാണ് പ്രതികൂല കാലാവസ്ഥയിലും രക്ഷാദൗത്യത്തിന് മത്സ്യബന്ധന ബോട്ടുകൾക്ക് അനുമതി നൽകിയത്. തിരഞ്ഞെടുത്ത 15 ബോട്ടുകൾ മാത്രമാണ് തിരച്ചിലിനായി കടലിലിറങ്ങിയത്. പരാതി വ്യാപകമായതിനെത്തുടർന്ന് തിരൂർ ആർ.ഡി.ഒ ടി. സുരേഷ് കുമാർ മത്സ്യത്തൊഴിലാളി പ്രതിനിധികളുടെ അടിയന്തര യോഗം വിളിച്ചുചേർത്തു. മത്സ്യത്തൊഴിലാളികളെ കാണാതായി അഞ്ച് ദിവസം പിന്നിട്ടിട്ടും സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള തിരച്ചിൽ പേരിന് മാത്രമാണെന്ന് യോഗത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഹെലികോപ്ടറും കപ്പലും ഉപയോഗിച്ചുള്ള തിരച്ചിൽ വാഗ്ദാനങ്ങളിൽ മാത്രമാണെന്നും തൊഴിലാളികൾ കുറ്റപ്പെടുത്തി. മൂന്ന് ദിവസം തിരച്ചിലിന് നേതൃത്വം നൽകിയ മത്സ്യബന്ധന ബോട്ടുകൾക്ക് ഇന്ധന ചെലവ് നൽകാൻ സർക്കാർ തയാറാകണമെന്നും ആവശ്യമുയർന്നു.
തുടർന്ന് ആർ.ഡി.ഒ കലക്ടറുമായി ബന്ധപ്പെട്ട് ബോട്ടുകൾക്ക് കടലിലിറങ്ങാൻ അനുമതി നൽകുകയായിരുന്നു. സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള തിരച്ചിലും ഊർജിതമാക്കിയതായി ആർ.ഡി.ഒ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനിറങ്ങുന്ന ബോട്ടുകൾക്കുള്ള ഇന്ധന ചെലവ് നഗരസഭയും എം.എൽ.എ വഴി സർക്കാറും വഹിക്കുമെന്ന് നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം പറഞ്ഞു. ഒരു നോട്ടിക്കൽ മൈൽ അകലം പാലിച്ച് ഒരേ ദിശയിലുള്ള തിരച്ചിലാണ് മത്സ്യബന്ധന ബോട്ടുകളുടെ നേതൃത്വത്തിൽ നടക്കുന്നത്. തിരച്ചിൽ നടത്തുന്ന ബോട്ടുകളെ കോസ്റ്റ് ഗാർഡ് യഥാസമയം നിരീക്ഷിക്കും. പൊന്നാനി മുതൽ കാസർകോട് വരെ ഒരേ സമയമുള്ള തിരച്ചിലാണ് നടക്കുക.
പൊന്നാനി ഹാർബർ എൻജിനീയറിങ് ഓഫിസിൽ നടന്ന യോഗത്തിൽ ആർ.ഡി.ഒക്കും പൊന്നാനി നഗരസഭ ചെയർമാനും പുറമെ തിരൂർ ഡിവൈ.എസ്.പി വി.വി. ബെന്നി, തഹസിൽദാർ എം.എസ്. സുരേഷ് കുമാർ, ഡെപ്യൂട്ടി തഹസിൽദാർമാർ ടി.കെ. സുരേഷ്, കോസ്റ്റൽ സി.ഐ രാജ് മോഹൻ, പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂർ, മത്സ്യത്തൊഴിലാളി സംഘടന നേതാക്കൾ, ബോട്ട് ഉടമകൾ, മത്സ്യത്തൊഴിലാളികൾ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.