പ്രതീക്ഷ തെറ്റിയില്ല; വല നിറയെ കിളിമീൻ
text_fieldsപൊന്നാനി: മാസങ്ങളുടെ വിശ്രമത്തിനൊടുവിൽ ചാകര തേടി കടലിലിറങ്ങിയ ബോട്ടുകൾക്ക് നിരാശയില്ലാത്ത മടക്കം. പൊന്നാനി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ചെറുബോട്ടുകളിൽ നാലെണ്ണം മാത്രമാണ് തിരികെയെത്തിയത്.
വലിയ ചാകര പ്രതീക്ഷിച്ചാണ് കടലിലിറങ്ങിയതെങ്കിലും വല നിറയെ കിളിമീനുമായാണ് ബോട്ടുകൾ ഹാർബറിലെത്തിയത്. ചെറിയ കേടുപാടുകൾ സംഭവിച്ച ബോട്ടുകൾ ഉച്ചയോടെ തീരത്തെത്തി. തുടർന്ന് വൈകീട്ട് രണ്ട് ബോട്ടുകൾ കൂടി തീരമണഞ്ഞു. എല്ലാ ബോട്ടുകൾക്കും വലിയ കിളിമീനാണ് ലഭിച്ചത്.
30 കിലോയുടെ കൊട്ടക്ക് 2500 രൂപ നിരക്കിലാണ് മൊത്ത കച്ചവടം നടന്നത്. പ്രാദേശിക മാർക്കറ്റുകളിൽ 120 രൂപയോളമായിരുന്നു വില. ട്രോളിങ് നിരോധന സമയത്ത് മത്സ്യങ്ങളുടെ പ്രജനനസമയമായതിനാൽ വലിയ മത്സ്യങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബോട്ടുകൾ കടലിലിറങ്ങിയത്. ട്രോളിങ് നിരോധനത്തിന് ശേഷം കൂന്തൽ, ചെമ്മീൻ എന്നിവ യഥേഷ്ടം ലഭിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, കഴിഞ്ഞ ദിവസം കടലിലിറങ്ങിയ വള്ളങ്ങൾ ശനിയാഴ്ച തിരിച്ചെത്തും. വെള്ളിയാഴ്ച അവധിയായതിനാലാണ് ശനിയാഴ്ച ബോട്ടുകൾ മടങ്ങിയെത്തുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.