മത്സ്യബന്ധന വള്ളത്തിന് കനത്ത പിഴ ചുമത്തിയെന്ന്; ഉടമ ആത്മഹത്യക്ക് ശ്രമിച്ചു
text_fieldsപൊന്നാനി: രേഖകളില്ലാതെ പിടികൂടിയ മത്സ്യബന്ധന വള്ളത്തിന് കനത്ത പിഴ ചുമത്തിയെന്നാരോപിച്ച് ഉടമ ആത്മഹത്യക്ക് ശ്രമിച്ചു. പൊന്നാനി ഫിഷറീസ് ഡി.ഡി ഓഫിസിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
കൊല്ലം റോസ് വള്ളത്തിന്റെ ഉടമ ചെല്ലാനം സ്വദേശി തയ്യിൽ നെൽസൺ (42) ആണ് ഓഫിസിനകത്ത് പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. ബുധനാഴ്ചയാണ് നെൽസണും 22 തൊഴിലാളികളും അടങ്ങുന്ന ഇൻബോർഡ് വള്ളം രേഖകളില്ലാത്തതിനെ തുടർന്ന് ഫിഷറീസ് വകുപ്പിന്റെ പട്രോളിങ് സംഘം പൊന്നാനി കടലിൽനിന്നു പിടികൂടിയത്.
രേഖകൾ ഹാജരാക്കാൻ രണ്ടു ദിവസം സമയം അനുവദിച്ചിരുന്നു. തുടർന്ന് ഉടമ രേഖകൾ അധികൃതർക്ക് കൈമാറി. എന്നാൽ, രേഖകളിൽ വള്ളത്തിന്റെ നീളത്തിൽ വ്യത്യാസമുണ്ടെന്നു പറഞ്ഞ് ഒന്നര ലക്ഷം രൂപ പിഴ അടക്കാൻ അധികൃതർ ആവശ്യപ്പെട്ടുവെന്നാണ് ഉടമ പറയുന്നത്.
അതേസമയം, 9.9 എച്ച്.പി വള്ളമാണ് ഇവർ ഉപയോഗിച്ചിരുന്നതെന്നും രേഖകളിൽ ഇത്രയും എച്ച്.പിയില്ലെന്നും കണ്ടെത്തിയതിനാലാണ് വള്ളം പിടികൂടിയതെന്നും വ്യാജ രേഖകളാണ് ഹാജറാക്കിയതെന്നും ഫിഷറീസ് ഡി.ഡി എം. ചിത്ര പറഞ്ഞു. തന്നെയും ഫിഷറീസ് അസി. ഡയറക്ടർ സീമയെയും അസഭ്യം പറയുകയും ഡി.ഡി ഓഫിസ് അടച്ചിടുകയും ചെയ്തുവെന്നാരോപിച്ച് ഡി.ഡി പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.