ദുരിതത്തിനിടയിലും പ്രതീക്ഷകൾ
text_fieldsപൊന്നാനി: സബ്സിഡി പോലും ലഭിക്കാതെ കുത്തനെ ഉയരുന്ന ഡീസൽ വില; ഇടക്കിടെയുണ്ടാകുന്ന കാലാവസ്ഥ മുന്നറിയിപ്പ്. കടലാക്രമണം വിതച്ച ദുരിതം മറുഭാഗത്ത്. പ്രതീക്ഷകൾ അസ്തമിച്ച കാലത്തിലൂടെ കടന്നുപോകുമ്പോഴും വിദൂരമായ പ്രത്യാശയുടെ നേരിയ വെട്ടത്തിലാണ് ഒന്നര മാസത്തെ വിശ്രമത്തിന് ശേഷം മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങാൻ തയാറെടുക്കുന്നത്. 52 ദിവസത്തെ ട്രോളിങ് നിരോധനത്തിനൊടുവിലാണ് മറ്റൊരു ചാകരക്കാലം തേടി ബോട്ടുകൾ ജൂലൈ 31ന് അർധരാത്രിയോടെ കടലിലിറങ്ങുന്നത്. നേരത്തെയെടുത്ത കടം പോലും തിരിച്ചടക്കാനായില്ലെങ്കിലും സ്വർണം പണയപ്പെടുത്തിയും വലിയ തുക ലോണെടുത്തുമാണ് ബോട്ടുകൾ അറ്റകുറ്റപ്പണി നടത്തുന്നത്.
പെയിന്റടിച്ചും ചെറിയ രീതിയിൽ അറ്റകുറ്റപ്പണി നടത്തിയും ബോട്ടുകളുടെ കേടുപാട് തീർക്കുന്ന തിരക്കിലാണ് ബോട്ടുടമകൾ. ഡീസലിന് ദിനംപ്രതിയുണ്ടാകുന്ന വില വർധനവിന് ആശ്വാസമായി സർക്കാർ സബ്സിഡി അനുവദിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. കരയിൽ നിർത്തിയിട്ട ബോട്ടുകളുടെ എഞ്ചിന്റെ പ്രവർത്തനക്ഷമത പരിശോധനയും ബോട്ടുകളിലേക്കാവശ്യമായ വലകളും മറ്റു ഉപകരണങ്ങളും എത്തിക്കുന്ന പ്രവർത്തനങ്ങളുമായി തൊഴിലാളികൾ സജീവമായി. പൊന്നാനി ഹാർബറിൽ നിരവധി ബോട്ടുകളാണ് അവസാനഘട്ട മിനുക്കുപണികളിൽ ഏർപ്പെട്ടിട്ടുള്ളത്. മത്സ്യങ്ങളുടെ പ്രജനനകാലം പൂർത്തിയായതോടെ തീരക്കടലിലുൾപ്പെടെ മത്സ്യങ്ങൾ ധാരാളമുണ്ടാവുമെന്നാണ് തൊഴിലാളികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.