ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ നാമധേയത്തില്‍ പൊന്നാനിയിൽ വിദേശഭാഷ പഠനകേന്ദ്രം
text_fieldsപൊന്നാനി: പൊന്നാനി ആസ്ഥാനമായി ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ നാമധേയത്തില്‍ വിദേശഭാഷ പഠനകേന്ദ്രം ആരംഭിക്കാൻ സർക്കാർ തീരുമാനം.
ഉന്നത വിദ്യാഭ്യാസ കൗൺസിലിനു കീഴിൽ ആരംഭിക്കുന്ന ഏഴ് മികവിന്റെ കേന്ദ്രങ്ങളിൽ ഒന്നായാണ് കേരള ലാംഗ്വേജ് നെറ്റ് വർക്കിന്റെ ഭാഗമായി സെന്റർ ഫോർ കണ്ടിന്യൂയിങ് എജുക്കേഷൻ പൊന്നാനിയിൽ വിദേശഭാഷ പഠനകേന്ദ്രം ആരംഭിക്കുന്നത്. ഇതിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്.
ഈ കേന്ദ്രം ശൈഖ് സൈനുദ്ദീൻ മഖ്ദൂം സ്മാരക സെന്റർ ഫോർ ഫോറിൻ ലാംഗ്വേജസ് ആൻഡ് ട്രാൻസ് ലേഷൻ സ്റ്റഡീസ് എന്ന പേരിൽ അറിയപ്പെടും. കേന്ദ്രത്തിൽ അറബിക്, ഫ്രഞ്ച്, ഇംഗ്ലീഷ്, ജർമൻ എന്നിവ ഉൾപ്പെടുന്ന വിദേശഭാഷാ പഠനത്തിനും വിവർത്തനത്തിനും പ്രാമുഖ്യം നൽകും.
കേരളത്തെക്കുറിച്ചുള്ള ആധികാരിക ചരിത്രരചനക്ക് തുടക്കം കുറിക്കുകയും നിരവധി അധിനിവേശ വിരുദ്ധ കൃതികള്‍ രചിക്കുകയും ചെയ്ത ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന് അര്‍ഹമായ ആദരം നല്‍കാനാണ് കേരള സര്‍ക്കാറിന്റെ തീരുമാനം.
സൈനുദ്ദീന്‍ മഖ്ദൂമിന് പൊന്നാനിയില്‍ സ്മാരകം നിർമിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. സ്മാരകം നിർമിക്കാൻ 50 ലക്ഷം രൂപ കഴിഞ്ഞ സർക്കാറിന്റെ അവസാന ബജറ്റിൽ വകയിരുത്തിയിരുന്നു. എന്നാൽ, ഇത് കടലാസിലൊതുങ്ങി.
മഖ്ദൂമിയ ട്രസ്റ്റിന് കീഴിലുള്ള പൊന്നാനിയിലുള്ള ദാഇറ എന്ന കെട്ടിടം സ്മാരകം നിർമിക്കാൻ വിട്ടുകൊടുക്കാം എന്നായിരുന്നു തുടക്കത്തിൽ പറഞ്ഞിരുന്നത്.
എന്നാൽ ഇതുമായി ബന്ധപ്പെട്ട രേഖകൾ സർക്കാറിന് സമർപ്പിക്കുന്നതിൽ ആശയക്കുഴപ്പം ഉടലെടുത്തതോടെയാണ് നിർമാണം അനന്തമായി നീണ്ടത്. ഒന്നാം സൈനുദ്ദീൻ മഖ്ദൂമിന്റെ വീട് പൊളിച്ചാണ് ഈ ദാഇറ നിർമിച്ചിരുന്നത്.
സൈനുദ്ദീൻ മഖ്ദൂം താമസിച്ച പഴയ വീടിന്റെ അടുക്കളയുടെ ചുമര് മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. പൊന്നാനി മുൻ എം.എല്‍.എയും മുൻ നിയമസഭ സ്പീക്കറുമായിരുന്ന പി. ശ്രീരാമകൃഷ്ണന്റെ പ്രത്യേക താല്പര്യമാണ് സ്മാരക മന്ദിരത്തിനുള്ള നീക്കം പുരോഗമിക്കാന്‍ ഇടയാക്കിയത്. യോഗത്തിൽ പി. നന്ദകുമാർ എം.എൽ.എ, സി.സി.ഇ.കെ ഡയറക്ടർ മാധവിക്കുട്ടി, ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.