പൊന്നാനി മോട്ടോർ വാഹന വകുപ്പ് ഓഫിസിൽ നാഥനില്ലാതായിട്ട് നാല് മാസം
text_fieldsപൊന്നാനി: നൂറുകണക്കിനാളുകൾ ദിനംപ്രതി ആശ്രയിക്കുന്ന പൊന്നാനി ജോയിന്റ് ആർ.ടി.ഒ ഓഫിസിൽ ജോയിന്റ് ആർ.ടി.ഒ ഇല്ലാത്തത് പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നു. ജോയിന്റ് ആർ.ടി.ഒയുടെ അഭാവം മൂലം വിവിധ ആവശ്യങ്ങൾക്കെത്തുന്നവർക്ക് യഥാസമയം സേവനങ്ങൾ ലഭിക്കാനും കാലതാമസം നേരിടുകയാണ്.
നാല് മാസം മുമ്പ് ജോയിന്റ് ആർ.ടി.ഒ ശങ്കരൻ പിള്ളയെ തിരൂരിലേക്ക് മാറ്റിയതോടെ പകരം ആൾ എത്താത്തതാണ് പ്രവർത്തനങ്ങൾ താളം തെറ്റാനിടയായത്. നിലവിൽ എം.വി.ഐ ജസ്റ്റിൻ മാളിയേക്കലിന് ജോയിൻറ് ആർ.ടി.ഒയുടെ അധികചുമതല നൽകുകയായിരുന്നു. വാഹനങ്ങളുടെ ആർ.സി, പെർമിറ്റ്, ലൈസൻസ് എന്നിവ അനുവദിക്കേണ്ട ചുമതല ജോയിന്റ് ആർ.ടി.ഒക്കാണ്. എന്നാൽ, എം.വി.ഐക്ക് അധിക ചുമതല നൽകിയതോടെ വാഹനപരിശോധന ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ മന്ദഗതിയിലായി. ഒരു ജോയിന്റ് ആർ.ടി.ഒ, രണ്ട് എം.വി.ഐ, നാല് എ.എം.വി.ഐ എന്നിവർ ആവശ്യമുള്ളിടത്ത് ഒരു എം.വി.ഐയുടെയും രണ്ട് എ.എം.വി.ഐമാരുടെയും തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഇവിടെയുണ്ടായിരുന്നവരെ ചെക് പോസ്റ്റ് ഡ്യൂട്ടിയിലേക്ക് മാസങ്ങൾക്ക് മുമ്പ് സ്ഥലംമാറ്റിയിരുന്നു. ഇതുവരെ പുതിയ നിയമനമാവാത്തതാണ് പ്രവർത്തനങ്ങൾ മന്ദഗതിയിലാവാൻ ഇടയാക്കിയത്.
ഓഫിസ് ജോലികൾക്ക് പുറമെ ഡ്രൈവിങ് ടെസ്റ്റ്, ലേണിങ് ടെസ്റ്റ്, വാഹന പരിശോധന, വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന എന്നിവ നടത്തേണ്ടത് എം.വി.ഐമാരും എ.എം.വി.ഐമാരും ചേർന്നാണ്.
ബുധൻ ഒഴികെ ആഴ്ചയിൽ എല്ലാ ദിവസവും ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നതിനാൽ രണ്ടുപേരെങ്കിലും രാവിലെ മുതൽ ഉച്ചവരെ പുറത്താണ് ഉണ്ടാവുക. ഇതിനാൽ ഓഫിസിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നവർ മണിക്കൂറുകളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്.
ജീവനക്കാരുടെ കുറവ് മൂലം നിലവിലുള്ളവർക്ക് ജോലിഭാരവും കൂടുകയാണ്. ഈ ഓഫിസിന് കീഴിൽ വലിയ പരിധിയായതിനാൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.