ശ്വാനസൗഹൃദ നഗരസഭയിൽ നാട്ടുകാരെ ഓടിച്ചിട്ട് കടിച്ച് തെരുവുനായ്ക്കൾ
text_fieldsപൊന്നാനി: ശ്വാനസൗഹൃദ നഗരസഭയായി പ്രഖ്യാപിച്ച പൊന്നാനി നഗരസഭയിൽ തെരുവുനായ്ക്കളുടെ വിളയാട്ടം രൂക്ഷമായി. ചൊവ്വാഴ്ച ഈഴുവത്തിരുത്തി മേഖലയിൽ നാല് പേർക്ക് നായുടെ കടിയേറ്റു.
വാക്സിൻ വിതരണ കേന്ദ്രത്തിലേക്കും തെരുവുനായ്ക്കൾ എത്തിയത് ഏറെ ഭീതി പടർത്തി. വാക്സിനേഷനെത്തിയവർ വിരട്ടിയോടിച്ചതിനാലാണ് തെരുവുനായ് അക്രമത്തിൽനിന്ന് ജനം രക്ഷ നേടിയത്. കഴിഞ്ഞ ദിവസം പൊന്നാനി മുക്കാടിയിൽ താലൂക്കാശുപത്രി നഴ്സിെനയും ഭർത്താവിനെയും തെരുവുനായ് അക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു.
പകൽ പ്രധാന റോഡുകളിൽ പോലും തെരുവുനായ്ക്കൾ കൂട്ടമായി എത്തുന്നത് ജീവന് ഭീഷണിയായി മാറുകയാണ്. പൊന്നാനി ശ്വാനസൗഹൃദ നഗരസഭയാക്കുമെന്ന പ്രഖ്യാപനം കടലാസിൽ ഒതുങ്ങിയതോടെ തെരുവുനായ്ക്കളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പൊതുജനം. ഏറെ കൊട്ടിഘോഷിച്ച് പൊന്നാനി നഗരസഭയിൽ ആരംഭിച്ച ശ്വാനസൗഹൃദ നഗരസഭ പദ്ധതിയാണ് പാതിവഴിയിൽ മുടങ്ങിയത്. പൊന്നാനി-പള്ളപ്രം ദേശീയപാത, ചന്തപ്പടി, നായരങ്ങാടി, ഓം തൃക്കാവ്, ആനപ്പടി, തൃക്കാവ്, എം.എൽ.എ റോഡ്, പുഴമ്പ്രം, ബിയ്യം, കടവനാട് മേഖലകളിലെല്ലാം തെരുവുനായ്ക്കൾ യഥേഷ്ടം വിഹരിക്കുകയാണ്. പലതവണ അധികൃതരെ അറിയിച്ചിട്ടും നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. 30 വർഷം മുമ്പ് നഗരസഭയും ജേസീസും ചേർന്ന് പൊന്നാനിയെ പേവിമുക്ത നഗരമാക്കി പ്രഖ്യാപിച്ചിരുന്നെങ്കിലും നായ്ക്കൾ തെരുവുകൾ തോറും വിലസുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.