പുനർഗേഹം പദ്ധതിയുടെ തറ നികത്താൻ ഉപയോഗിക്കുന്നതും ഹാർബർ മണൽ
text_fieldsപൊന്നാനി: പൊന്നാനി ഹാർബർ പ്രദേശത്ത് നിന്ന് ആറ് കോടിയുടെ മണൽ കാണാതായ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെ, പുതുതായി നിർമിക്കുന്ന ’പുനർഗേഹം’ പദ്ധതിയുടെ തറ നികത്താൻ ഉപയോഗിക്കുന്നതും ഹാർബർ പ്രദേശത്ത് നിന്നുള്ള മണൽ. തറ നികത്താൻ ഒരു ലോഡ് മണ്ണിന് 500 രൂപ മാത്രം ആവശ്യമായ സ്ഥലത്താണ് ഒരു ടണ്ണിന് 3145 രൂപ വരുന്ന മണലിട്ട് നികത്തുന്നത്.
2013 ൽ തുറമുഖവകുപ്പ് ലേലം ചെയ്ത മണലാണ് ഉദ്യോഗസ്ഥ ഒത്താശയോടെ പുനർഗേഹം പദ്ധതിക്കായി വ്യാപകമായി ഉപയോഗിക്കുന്നത്. 2008 ൽ അഴിമുഖത്ത് ആഴം വർധിപ്പിക്കുന്നതിന്റെ ഭാഗമായെടുത്ത മണൽ 2013 ൽ ലേലം ചെയ്തിരുന്നു. 60,000 ടൺ മണൽ ഒരു ടണ്ണിന് 3145 രൂപക്കാണ് ലേലം ചെയ്തത്. 20 കോടി രൂപയോളം വിലവരുന്ന മണലിൽ നിന്ന് പുനർഗേഹം പദ്ധതിക്കായി മണൽ ഉപയോഗിക്കുന്നത് സർക്കാറിന് വൻ നഷ്ടമാണ് വരുത്തുക.
2013 ൽ മണൽ ലേലം ചെയ്ത ആദ്യ ഗഡുവായി 15 ലക്ഷം രൂപ അടച്ച് 500 ടൺ മണൽ എടുത്തിരുന്നെങ്കിലും, പിന്നീട് തുറമുഖ വകുപ്പും, ഹാർബർ എൻജിനിയറിങ് വകുപ്പും സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മണൽ നീക്കം ചെയ്യാൻ അനുവദിച്ചില്ല. ഇതിനിടെ ഹാർബറിലെ നിർമാണപ്രവൃത്തികളുടെ ഭാഗമായി നാലായിരം ടൺ മണൽ നിയമപ്രകാരം എടുത്തെന്ന ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ വെളിപ്പെടുത്തൽ വിവാദമായിരുന്നു.
2018 ൽ നടന്ന ഖനനത്തിന്റെ ഭാഗമായി എടുത്ത മണലാണ് നഷ്ടപ്പെട്ടത്. ഖനനം ചെയ്ത മണൽ അളന്ന് തിട്ടപ്പെടുത്താൻ കഴിഞ്ഞില്ലെന്നും ഖനനത്തിന് മുമ്പും ശേഷവും ഹാർബറിലെ മണൽ ശേഖരത്തിൽ വർധനയുണ്ടായില്ലെന്നും കാണിച്ച് പോർട്ട് കൺസർവേറ്റർ, കോഴിക്കോട് പോർട്ട് ഓഫിസർക്ക് റിപ്പോർട്ട് നൽകിയതോടെയാണ് വൻ മണൽകൊള്ള പുറത്തായത്.
ഹാർബർ പ്രദേശത്ത് ബോട്ടുകൾ നങ്കൂരമിടുന്ന ഭാഗത്തുനിന്ന് മൂന്നര മീറ്ററോളം ആഴത്തിൽ മണലെടുത്തിരുന്നു. കരാറുകാരൻ നൽകിയ ബില്ല് പാസാക്കുന്നതിന് മുന്നോടിയായി പോർട്ട് കൺസർവേറ്റർ നടത്തിയ പരിശോധനയിലാണ് ഈ മണൽ ഹാർബർ പരിസരത്തില്ലെന്ന് മനസ്സിലായത്. 2010ൽ നടന്ന മണൽ ഖനനത്തിന്റെ ഭാഗമായി 60,000 ടൺ മണൽ ഹാർബർ പ്രദേശത്ത് കൂട്ടിയിട്ടിരുന്നു.
ഈ ശേഖരത്തിന്റെ മുകളിലേക്കും ഹാർബറിന്റെ മറ്റ് ഭാഗത്തുമായാണ് 2018ൽ നടന്ന ഖനനഭാഗമായി പുറത്തെടുത്ത മണൽ കൂട്ടിയിട്ടിരുന്നതെന്നാണ് ഉദ്യോഗസ്ഥരിൽനിന്ന് ലഭിച്ച വിവരം. എന്നാൽ, ഹാർബറിലെ പഴയ മണൽ ശേഖരത്തിൽ ഒരു വർധനയും തനിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്ന് പൊന്നാനി പോർട്ട് കൺസർവേറ്റർ പോർട്ട് ഓഫിസർക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇതിനിടെയാണ് പുനർഗേഹം ഭവന സമുച്ചയ നിർമ്മാണത്തിനായും വ്യാപക മണലെടുപ്പ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.