പൊന്നാനിയിൽ കടലാക്രമണം രൂക്ഷം;20 വീടുകൾ കൂടി തകർന്നു
text_fieldsപൊന്നാനി: പൊന്നാനിയിൽ കടലാക്രമണത്തിന് ശമനമായില്ല. വ്യാഴാഴ്ച പാതി തകർന്ന വീടുകൾ വെള്ളിയാഴ്ചയോടെ പൂർണമായും കടലെടുത്തു.പൊന്നാനി നഗരം വില്ലേജ് പരിധിയിൽ എം.ഇ.എസ് കോളജിന് പിൻവശം, ഹിളർ പള്ളി പരിസരം, മുറിഞ്ഞഴി, പൊലീസ് സ്‌റ്റേഷന് പിൻവശം എന്നിവിടങ്ങളിലാണ് കടലാക്രമണം ശക്തമായത്.
പുത്തൻപുരയിൽ ജമീല, ആല്യാമാക്കാനകത്ത് റമളാൻ കുട്ടി, തട്ടേക്കാെൻറ അബ്ദുസ്സലാം, സീതിെൻറ പുരക്കൽ റസാഖ് ഉള്ളിമരക്കാരകത്ത് റമളാൻ കുട്ടി, കുറിയാമാക്കാനകത്ത് ജമീല, കറുത്തകുഞ്ഞാലിെൻറ ഫാത്തിമ്മ, ചക്കൻറകത്ത് ഷൗക്കത്ത്, തേങ്ങാടത്തിെൻറ ഫൈസൽ, പോകരകത്ത് നഫീസ എന്നിവരുടെ വീടുകളാണ് തകർന്നത്. വെളിയങ്കോട് തണ്ണിത്തുറ, പത്തുമുറി മേഖലകളിൽ തകർച്ച ഭീഷണിയുള്ള വീടുകൾ വീട്ടുകാർ തന്നെ പൊളിച്ചുമാറ്റി. പാലപ്പെട്ടി അജ്മീർ നഗർ, കാപ്പിരിക്കാട് മേഖലകളിലും കടൽരൂക്ഷമാണ്.
മാറിത്താമസിക്കാൻ ഇടമില്ലാതെ ഇവർ
പൊന്നാനി: കടലാക്രമണങ്ങളിൽ വീടും സ്ഥലവും നഷ്ടമായവർക്ക് ഇത്തവണ ഇരട്ടി ദുരിതമാണ്. അഴീക്കൽ ലൈറ്റ് ഹൗസ് മുതൽ തൃശൂർ ജില്ലാതിർത്തിയായ കാപ്പിരിക്കാട് വരെ നൂറിലേറെ വീടുകളാണ് ഒരു വർഷത്തിനിടെ കടലെടുത്തത്.
നിരവധി വീടുകൾ പാതി തകർന്ന് താമസ യോഗ്യമല്ലാതായി. മുൻവർഷങ്ങളിൽ കടലാക്രമണ സമയങ്ങളിൽ ബന്ധുവീടുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും മാറി താമസിച്ചവർക്ക് കോവിഡ് രോഗ വ്യാപനത്തെത്തുടർന്ന് മാറിപ്പോകാൻ പോലും ഇടമില്ലാതായി.
തദ്ദേശ സ്ഥാപനങ്ങൾ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ടെങ്കിലും ചെറിയ കുട്ടികളുമായി കോവിഡ് സമ്പർക്ക സാധ്യതയെത്തുടർന്ന് ക്യാമ്പുകളിലേക്ക് മാറാൻ മടിച്ചിരിക്കുകയാണ് ഇവർ. നേരത്തേ ബന്ധുവീടുകളിലേക്ക് താമസം മാറ്റിയിരുന്നെങ്കിലും ഇത്തവണ ഇതും പ്രയാസത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.