ഹയർ സെക്കൻഡറി അധിക ബാച്ച്; രണ്ടംഗ സമിതി സന്ദർശനം പൂർത്തിയായി
text_fieldsപൊന്നാനി: ജില്ലയിലെ ഹയർ സെക്കൻഡറി സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി അധിക ബാച്ച് അനുവദിക്കുന്നതിന് മുന്നോടിയായി ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടറും റീജനൽ ഡെപ്യൂട്ടി ഡയറക്ടറും ഉൾപ്പെടുന്ന രണ്ടംഗ സമിതി സ്കൂളുകളിൽ സന്ദർശനം നടത്തി.
ജില്ലയിലെ സർക്കാർ ഹയർ സെക്കൻഡറി വിദ്യാലയങ്ങളായ പൊന്നാനി തൃക്കാവ്, മാറഞ്ചേരി, കോക്കൂർ, മീനടത്തൂർ, ഒതുക്കുങ്ങൾ ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിലാണ് ചൊവ്വാഴ്ച സന്ദർശനം നടത്തിയത്. അധിക ബാച്ചുകൾ അനുവദിക്കുന്നതിനുള്ള സൗകര്യങ്ങളും ഭൗതിക സാഹചര്യങ്ങളും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായായിരുന്നു സന്ദർശനം.
മിക്ക സ്കൂളുകളിലും സൗകര്യം ഏർപ്പെടുത്താമെന്ന് സ്കൂൾ അധികൃതർ ഉറപ്പ് നൽകി. സംഘത്തിന്റെ റിപ്പോർട്ട് ജൂലൈ അഞ്ചിന് സർക്കാറിന് സമർപ്പിക്കും. തുടർന്ന് ആവശ്യമുള്ളിടങ്ങളിൽ അധിക ബാച്ച് അനുവദിക്കും. ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ ഡോ. പി.എം. അനിൽ, റീജനൽ ഡെപ്യൂട്ടി ഡയറക്ടർ സുരേഷ് കുമാർ എന്നിവരാണ് പരിശോധന നടത്തിയത്.
പ്ലസ് വൺ: ഒഴിവുള്ള സീറ്റുകൾ 6,937
മലപ്പുറം: പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റിന് മുന്നോടിയായി പുറത്തുവിട്ട കണക്ക് പ്രകാരം ജില്ലയിൽ ഒഴിവുള്ള സീറ്റുകൾ 6,937. നിലവിൽ പ്ലസ് വൺ മുഖ്യ അലോട്ട്മെന്റ് പൂർത്തിയായപ്പോൾ ഏകജാലകം, മോഡൽ റസിഡൻഷ്യൽ സ്കൂൾ കമ്യൂണിറ്റി, മാനേജ്മെന്റ് ക്വാട്ടകളിലൂടെ 50,014 പേർ പ്രവേശനം നേടിയിരുന്നു.
മുഖ്യ അലോട്ട്മെന്റിന് 82,446 പേരാണ് അപേക്ഷ നൽകിയത്. ഇതുപ്രകാരം 32,432 പേരാണ് പുറത്തുള്ളത്. ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്ക് ഇവരെ പരിഗണിച്ചാൽ 25,495 പേർ പ്രവേശനം ലഭിക്കാതെ പുറത്താണ്. സർക്കാർ വാദപ്രകാരം സ്പോർട്സ്, കമ്യൂണിറ്റി, മാനേജ്മെന്റ് ക്വാട്ടകളിലെല്ലാം കൂടി 9,215 ഒഴിവുണ്ടെന്നാണ് പറയുന്നത്. സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ സമർപ്പണം ചൊവ്വാഴ്ച ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.