പൊന്നാനിയിലെ ഭവനരഹിതരായ മത്സ്യത്തൊഴിലാളികൾക്കായുള്ള പാർപ്പിട സമുച്ചയം സെപ്റ്റംബർ 15ന് തുറന്ന് നൽകും
text_fieldsപൊന്നാനി: പൊന്നാനിയിലെ ഭവനരഹിതരായ മത്സ്യത്തൊഴിലാളികൾക്കായുള്ള പാർപ്പിട സമുച്ചയത്തിെൻറ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലായി. സെപ്റ്റംബർ 15ന് ഫ്ലാറ്റുകൾ കൈമാറാനാണ് തീരുമാനം. നേരത്തെ ആഗസ്റ്റ് 25ന് ഉദ്ഘാടനം നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും, നിർമ്മാണം പൂർത്തീകരിക്കാൻ വൈകിയതോടെയാണ് ഉദ്ഘാടനവും നീണ്ടുപോയത്. ഉദ്ഘാടനത്തിന് മുന്നോടിയായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നിർമ്മാണപുരോഗതി വിലയിരുത്താൻ യോഗം ചേർന്നു.
ഇപ്പോൾ ഫ്ലാറ്റിലെ വൈദ്യുതീകരണ പ്രവർത്തനങ്ങളും, ജലവിതരണത്തിനായുള്ള സംവിധാനവും, ടൈൽ വിരിക്കലും പുരോഗമിക്കുന്നുണ്ട്. നഗരസഭയുടെ നേതൃത്വത്തിൽ മാലിന്യ സംസ്ക്കരണ സംവിധാനവും, തെരുവുവിളക്ക് സ്ഥാപിക്കലും നടക്കും. 128 ഫ്ലാറ്റുകളാണ് തീരവാസികൾക്കായി നിർമ്മിച്ചിട്ടുള്ളത്.
ഒരു ബ്ലോക്കിൽ താഴത്തെ നിലയിൽ നാലും, മുകൾ നിലയിൽ നാലുമുൾപ്പെടെ 8 ഫ്ലാറ്റുകളാണ് നിർമ്മാണം പൂർത്തീകരിച്ചത്.128 ഫ്ലാറ്റുകളിൽ 106 കുടുംബങ്ങളുടെ അന്തിമ ഗുണഭോക്തൃ പട്ടിക തയ്യാറായി.ഫിഷറീസ് വകുപ്പിെൻറ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളികളെ തീരത്തുനിന്ന‌് സുരക്ഷിതസ്ഥാനങ്ങളിലേക്ക‌് പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് കടലാക്രമണത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് ഫ്ലാറ്റ‌് സമുച്ചയം നിർമ്മിക്കുന്നത്.
ഫിഷിംഗ് ഹാർബറിലെ രണ്ട് ഏക്കർ സ്ഥലത്താണ് ഫ്ളാറ്റ് സമുച്ചയം നിർമ്മിച്ചത്. രണ്ടു കിടപ്പുമുറിയും ഹാളും അടുക്കളയും അടങ്ങിയ 530 ചതുരശ്ര അടിയിലുള്ള വീട്ടിൽ വൈദ്യുതിയും കുടിവെള്ളവും മാലിന്യനിർമാർജന സൗകര്യവുമുണ്ടാവും. കൂടാതെ ഫ്ളാറ്റ് സമുച്ചയത്തിനുള്ളിൽ കമ്യൂണിറ്റി ഹാൾ, അങ്കൻ വാടി,തൊഴിൽ പരിശീലന കേന്ദ്രം, തീര മാവേലി സ്റ്റോർ ഉൾപ്പെടെയുള്ള കോമൺഫെസിലിറ്റി സെൻററുകളും രണ്ടാം ഘട്ടത്തിൽ നിർമ്മിക്കും.
നിലവിലെ 128 ഫ്ലാറ്റുകൾക്ക് പുറമെ നൂറ് ഫ്ലാറ്റുകൾ കൂടി നിർമ്മിക്കാനും ഭരണാനുമതി ലഭ്യമായിട്ടുണ്ട്. ഇതിൻ്റെ സാങ്കേതികാനുമതി ലഭിക്കുന്ന മുറക്ക് നിർമ്മാണം ആരംഭിക്കും. മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താനായി ചേർന്ന യോഗത്തിൽ പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, ഹാർബർ സൂപ്രണ്ടിങ് എഞ്ചിനീയർ കുഞ്ഞി മമ്മു പറവത്ത്, ഹാർബർ എക്സിക്യുട്ടീവ് എഞ്ചിനീയർ രാജീവ്, എം.എൽ.എയുടെ പ്രതിനിധി കെ.സാദിഖ്, ഫിഷറീസ്, കെ.എസ്.ഇ.ബി, നിർമ്മാണ കമ്പനി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.