പൊന്നാനി അഴിമുഖത്തിന് കുറുകെ ഹൗറ മോഡൽ തൂക്കുപാലം യാഥാർഥ്യത്തിലേക്ക്
text_fieldsപൊന്നാനി: പൊന്നാനിയെയും പടിഞ്ഞാറെക്കരയേയും ബന്ധിപ്പിച്ച് നിർമിക്കുന്ന ഹൗറ മോഡൽ തൂക്കുപാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തിന് മുന്നോടിയായുള്ള ഭൂമിയുടെയും കെട്ടിടങ്ങളുടെയും സമ്പൂർണ വില നിർണയത്തിന് തുടക്കമായി. അപ്രോച്ച് റോഡിനായി ഏറ്റെടുക്കേണ്ടി വരുന്ന സ്ഥലത്തിന്റെയും കെട്ടിടങ്ങളുടെയും വിശദമായ പദ്ധതി തയാറാക്കി മൂല്യനിർണയം നടത്തുന്ന പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി സംയുക്ത പരിശോധന, സാമൂഹികാഘാത പഠനം, വിദഗ്ധ സമിതി പരിശോധന എന്നിവ പൂർത്തീകരിച്ചിരുന്നു. നിലവിലെ വിലനിർണയ പരിശോധന പൂർത്തീകരിച്ച് പി.ഡബ്ല്യു.ഡി വിഭാഗം, ജില്ല കലക്ടർ എന്നിവർ അംഗീകരിച്ച് റവന്യൂ വിഭാഗത്തിന് കൈമാറും. പൊതുമരാമത്ത് വകുപ്പിന് വേണ്ടി സ്വകാര്യ കമ്പനിയാണ് വിശദ മൂല്യനിർണയ പരിശോധന നടത്തുന്നത്. പൊന്നാനി ഭാഗത്ത് 5.37 ഏക്കർ ഭൂമിയും തിരൂർ ഭാഗത്ത് 3.5 ഏക്കർ ഭൂമിയുമാണ് ഏറ്റെടുക്കുന്നത്. പടിഞ്ഞാറെക്കരയിൽ പാർക്കിന് സമീപത്തുനിന്നാണ് അപ്രോച്ച് റോഡ് ആരംഭിക്കുക. പാലം യാഥാർഥ്യമാകുന്നതോടെ പൊന്നാനിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ റോഡ് വീതി കൂട്ടാനുള്ള സർവേ നടപടികൾ പൂർത്തിയാക്കിയിരുന്നു. പൊന്നാനി ഹാർബർ മുതൽ ആനപ്പടി വരെയുള്ള റോഡ് 14 മീറ്ററായി വർധിപ്പിക്കും. ചിലയിടങ്ങിൽ ആവശ്യത്തിന് റോഡുണ്ടെങ്കിലും ചില ഭാഗത്ത് ഭൂമി ഏറ്റെടുക്കേണ്ടി വരും. പൊന്നാനി കോടതിപ്പടി മുതൽ താലൂക്ക് ആശുപത്രി വരെയുള്ള ഭാഗത്താണ് സ്ഥലം ഏറ്റെടുക്കേണ്ടി വരിക. സ്ഥലമേറ്റെടുപ്പിന് മുന്നോടിയായാണ് കിഫ്ബി വിഭാഗം സർവേ നടത്തുന്നത്. ഏറ്റെടുക്കുന്ന ഭൂമിക്ക് പൊന്നാനിയിൽ സെന്റിന് രണ്ട് ലക്ഷം രൂപയും പുറത്തൂർ ഭാഗത്ത് ഒരു ലക്ഷം രൂപയും നൽകാനാണ് പ്രാഥമിക ധാരണ. കൂടാതെ കെട്ടിടത്തിനും മരങ്ങൾക്കും വില നൽകും.
തീരദേശ ഇടനാഴിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. തീരദേശ പദ്ധതിയുടെ സ്പെഷൽ പാക്കേജിൽ ഉൾപ്പെടുത്തി അവാർഡ് തുക നൽകാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.