അനധികൃത ടൂറിസ്റ്റ്ബോട്ടുകൾക്ക് കടിഞ്ഞാണിടും
text_fieldsപൊന്നാനി: ഭാരതപ്പുഴയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ സർവിസ് നടത്തുന്ന ടൂറിസ്റ്റ് ബോട്ടുകൾക്കെതിരെ അടിയന്തര നടപടിയെടുക്കാൻ താലൂക്ക് വികസന സമിതി യോഗത്തിൽ തീരുമാനം. പരിശോധന ശക്തമാക്കാനും ലൈസൻസ് പോലുമില്ലാതെ സർവിസ് നടത്തുന്ന ബോട്ടുകൾ കണ്ടെത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് 'മാധ്യമം' കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
കർമ റോഡരികിലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം പറഞ്ഞു. ചമ്രവട്ടം ജങ്ഷനിലെ സിഗ്നൽ തകരാർ പരിഹരിക്കാനുള്ള നടപടികൾ അടിയന്തരമായി പൂർത്തീകരിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. അറ്റകുറ്റപ്പണികളുടെ ചുമതലയുള്ള കെൽട്രോൺ അധികൃതരോട് ബന്ധപ്പെട്ടെങ്കിലും സിഗ്നൽ ലൈറ്റുകൾ ലഭ്യമല്ലാത്തതിനാൽ, തിരുവനന്തപുരത്തുനിന്ന് എത്തിച്ച് ദിവസങ്ങൾക്കകംതന്നെ പ്രശ്നം പരിഹരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകി. കാലവർഷക്കെടുതി നേരിടാൻ വിവിധ വകുപ്പുകളുടെ പ്രവർത്തനം അടിയന്തരമായി നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. വെള്ളം ഒഴുകിപ്പോകാനുള്ള കാനകൾ ഉടൻ നന്നാക്കാനും ആവശ്യമുയർന്നു. മഴക്കാലത്ത് ശുദ്ധജല വിതരണം മുടങ്ങുന്ന പതിവ് ഇത്തവണ ആവർത്തിക്കരുതെന്ന് ജല അതോറിറ്റിക്ക് നിർദേശം നൽകി.
നിർമാണോദ്ഘാടനം കഴിഞ്ഞ പന്താവൂർ ലിഫ്റ്റ് ഇറിഗേഷന്‍റെ പ്രവൃത്തികൾ കാലവർഷത്തിന് മുമ്പ് പുനരാരംഭിക്കണമെന്നും കൃഷിനാശം തടയണമെന്നും ആവശ്യമുയർന്നു. താലൂക്കിലെ വിവിധയിടങ്ങളിലെ അനധികൃത കൈയേറ്റം കണ്ടെത്താൻ ഉടൻ സർവേ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പൊന്നാനി തഹസിൽദാറുടെ ചേംബറിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി. രാമകൃഷ്ണൻ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.