അണിഞ്ഞൊരുങ്ങി പൊന്നാനി കർമ പാലം; ഉദ്ഘാടനത്തിന് കെൽട്രോൺ കനിയണം
text_fields പൊന്നാനി: ടൂറിസം രംഗത്ത് പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന കർമ പാലത്തിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തിയായി. അപ്രോച്ച് റോഡിന്റെ നിർമാണവും പൂർത്തീകരിച്ചു. ഇപ്പോൾ കൈവരികളിൽ പെയിന്റിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. അതേസമയം, പാലത്തിന്റെ വൈദ്യുതീകരണ പ്രവർത്തനങ്ങൾ നീളുകയാണ്. കെൽട്രോണിനാണ് വൈദ്യുതീകരണ ചുമതല. ഇത് എപ്പോൾ പൂർത്തീകരിക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ജനുവരിയിൽ വൈദ്യുതീകരണം പൂർത്തീകരിച്ച് പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് തീരുമാനം.
പുഴയോര പാതയായ കർമ റോഡിനെയും പൊന്നാനി മത്സ്യബന്ധന തുറമുഖത്തെയും ബന്ധിപ്പിച്ച് കനോലി കനാലിന് കുറുകെയാണ് കർമ പാലം നിർമിച്ചിട്ടുള്ളത്. ചമ്രവട്ടം ഭാഗത്തേക്ക് 650 മീറ്ററും പൊന്നാനി ഭാഗത്തേക്ക് 250 മീറ്ററും അപ്രോച്ച് റോഡുമാണ് ഉള്ളത്. ഇതിനോടനുബന്ധിച്ച് 520 മീറ്റർ ഹാർബർ റോഡും നവീകരിച്ചിട്ടുണ്ട്.
330 മീറ്റര്‍ നീളത്തില്‍ ഭാരതപ്പുഴയും കനോലി കനാലും സംഗമിക്കുന്ന പള്ളിക്കടവിന് കുറുകെയാണ് പാലം നിർമിച്ചത്. ദേശീയ ജലപാത നിയമത്തിലെ മാനദണ്ഡങ്ങള്‍ പ്രകാരമാണ് പാലത്തിന്റെ നിർമാണം. പാലത്തിന്റെ മധ്യത്തിൽ 45 മീറ്റർ വീതിയും ആറ് മീറ്റർ ഉയരവുമുണ്ടാകും. കനോലി കനാലിലൂടെയുള്ള ബോട്ട് സർവിസുകൾക്ക് തടസ്സമാകാത്ത തരത്തിലാണ് മധ്യഭാഗത്തെ ഉയരം.
ഭാവിയിൽ കനാലിൽ വരാനിടയുള്ള ജലഗതാഗത സാധ്യതകൾ മുന്നിൽ കണ്ടാണ് പാലം നിർമിച്ചിരിക്കുന്നത്. 330 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള പാലത്തിൽ ഒമ്പത് മീറ്റർ വീതിയുള്ള രണ്ടുവരി പാതയാണ് ഉള്ളത്. ഇതിനോട് ചേർന്ന് ഒരുവശത്ത് രണ്ട് മീറ്റർ വീതിയിലുള്ള കൈവരിയോടുകൂടിയ നടപ്പാതയുമുണ്ട്. 36.28 കോടി ചെലവഴിച്ചാണ് പാലവും അപ്രോച്ച് റോഡും ഒരുങ്ങിയത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോഓപറേറ്റിവ് സൊസൈറ്റിക്കാണ് നിർമാണ ചുമതല. പാലം ഗതാഗതത്തിനായി തുറന്നുനൽകുന്നതോടെ പൊന്നാനിയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.