പൊന്നാനി പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് കെട്ടിട ഉദ്ഘാടനം ജൂലൈ ആദ്യം
text_fieldsപൊന്നാനി: പൊന്നാനി പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസിന്റെ പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതോടെ ജൂലൈ ആദ്യവാരത്തിൽ തുറന്നുകൊടുക്കാൻ തീരുമാനമായി. ഉദ്ഘാടനത്തിന് മന്ത്രിയുടെ സമയം ലഭിക്കാതിരുന്നതാണ് ഉദ്ഘാടനം വൈകാൻ ഇടയായത്. കെട്ടിടത്തിന്റെ ഫർണിഷിങ് ജോലികൾ ഉൾപ്പെടെ പൂർത്തീകരിച്ചുകഴിഞ്ഞു.അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഓടിട്ട വിശ്രമ മന്ദിരം പൊളിച്ചുനീക്കിയാണ് കേരളീയ വാസ്തുശിൽപ മാതൃകയിലും ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തിയും പുതിയ ഇരുനില കെട്ടിടം നിർമിച്ചത്.
സംസ്ഥാന സർക്കാറിന്റെ പൊതുമരാമത്ത് വിഭാഗത്തിന്റെ 3.8 കോടി രൂപ ചെലവഴിച്ചാണ് നിർമാണം. 8770 ചതുരശ്ര അടിയിൽ ആധുനിക രീതിയിലുള്ള മൂന്ന് സ്യൂട്ട് റൂം, അഞ്ച് സാധാരണ മുറികൾ, അടുക്കള, ഡൈനിങ് ഹാൾ, ഓഫിസ്, കെയർ ടേക്കർ റൂം എന്നിവക്ക് പുറമെ നിലവിലെ പുതിയ കെട്ടിടത്തിന് മുകളിലായി കോൺഫറൻസ് ഹാൾ എന്നിവ ഉൾപ്പെടെയാണ് പുതിയ കെട്ടിടം നിർമിച്ചത്.
എട്ടുമുറികളും ശീതീകരിച്ച തരത്തിലാണ് സംവിധാനിച്ചിട്ടുള്ളത്.1300 ചതുരശ്ര അടിയിലുള്ള കോൺഫറൻസ് ഹാളാണ് മുകൾനിലയിൽ ഒരുങ്ങിയത്. അര നൂറ്റാണ്ടിലേറെ പഴക്കമുള്ള വിശ്രമകേന്ദ്രം പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ട് മുൻ എം.എൽ.എ പി. ശ്രീരാമകൃഷ്ണൻ 2017ൽ പൊതുമരാമത്ത് മന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കെട്ടിടം നിർമിക്കാൻ അനുമതി ലഭിച്ചത്. പി.ഡബ്ല്യൂ.ഡി കെട്ടിട വിഭാഗത്തിന് കീഴിൽ നിലമ്പൂരിലെ സ്വകാര്യ കമ്പനിക്കാണ് നിർമാണ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.