കടൽക്ഷോഭം; പൊന്നാനിയിൽ ജിയോബാഗ് സ്ഥാപിക്കൽ തകൃതി
text_fieldsപൊന്നാനി: കടൽക്ഷോഭത്തെ രക്ഷനേടാൻ പൊന്നാനിയിൽ ജിയോബാഗ് ഉപയോഗിച്ചുള്ള അടിയന്തിര കടൽഭിത്തി നിർമാണം പുരോഗമിക്കുന്നു. മുല്ല റോഡിൽ 134 മീറ്ററിലാണ് ബാഗുകൾ സ്ഥാപിക്കുന്നത്. ദുരന്തനിവാരണ ഫണ്ടിൽനിന്ന് 16 ലക്ഷം ചെലവഴിച്ചാണ് നിർമാണം.
രണ്ട് മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള 1474 ബാഗുകളാണ് പ്രദേശത്ത് സ്ഥാപിക്കുക. ഭിത്തിക്ക് രണ്ടര മീറ്റർ താഴ്ചയും ഭൂനിരപ്പിൽ ആറ് മീറ്റർ വീതിയും മുകൾ ഭാഗത്ത് രണ്ട് മീറ്റർ വീതിയുമാണ് ഉണ്ടാകുക. പാലപ്പെട്ടി അജ്മീർ നഗറിൽ 78 മീറ്റർ ജിയോബാഗുകൾ ഉപയോഗിച്ചുള്ള കടൽ ഭിത്തിയുടെ നിർമാണം ഉടൻ ആരംഭിക്കും. 10 ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തി. രണ്ട് മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള 858 ബാഗുകളാണ് പ്രദേശത്ത് സ്ഥാപിക്കുക.
കടൽക്ഷോഭം ഏറെ നാശം വിതച്ച പൊന്നാനി ഹിളർ പള്ളി ഭാഗത്ത് 218 മീറ്റർ അടിയന്തിര കടൽഭിത്തി നിർമാണവും അവസാന ഘട്ടത്തിലാണ്. നിലവിൽ 70 ശതമാനത്തോളം നിർമാണം പൂർത്തിയായി. 35 ലക്ഷം രൂപയുടെ സർക്കാർ ഫണ്ടും 30 ലക്ഷം രൂപയുടെ ജലസേചനവകുപ്പ് ഫണ്ടും ചേർന്ന് 65 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. കഴിഞ്ഞ തവണയുണ്ടായ കടൽക്ഷോഭത്തിൽ പാലപ്പെട്ടി, വെളിയങ്കോട്, പൊന്നാനി എന്നീ പ്രദേശങ്ങളിൽ ഏറെ നാശം വിതച്ചിരുന്നു.
പ്രദേശം സന്ദർശിച്ച പി. നന്ദകുമാർ എം.എൽ.എ വിഷയം മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതോടെയാണ് പൊന്നാനിയുടെ തീരസംരക്ഷണത്തിന് സർക്കാരിന്റെ അടിയന്തര ഇടപെടലുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.