സബ്സിഡി മണ്ണെണ്ണയിൽ വൻ വെട്ടിപ്പ്; അനധികൃതമായി സൂക്ഷിച്ച 700 ലിറ്റർ മണ്ണെണ്ണ പിടികൂടി
text_fieldsപൊന്നാനി: മത്സ്യബന്ധന യാനങ്ങൾക്ക് വിതരണം ചെയ്യേണ്ട സബ്സിഡി മണ്ണെണ്ണയിൽ വൻ വെട്ടിപ്പ്. പൊന്നാനിയിൽ അനധികൃതമായി സൂക്ഷിച്ച 700 ലിറ്ററോളം മണ്ണെണ്ണ താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിലുള്ള പരിശോധനയിൽ പിടിച്ചെടുത്തു. മത്സ്യഫെഡ് മുഖേന വിതരണം ചെയ്യുന്ന മണ്ണെണ്ണയാണ് പൊന്നാനി അലിയാർ പള്ളിക്ക് മുൻവശത്തെ കെട്ടിടത്തിൽനിന്ന് പിടിച്ചെടുത്തത്.
അതേസമയം, മീൻപിടിത്ത യാനങ്ങൾക്കായുള്ള പെർമിറ്റ് മണ്ണെണ്ണ അനധികൃത ഗോഡൗണിൽ വൻതോതിൽ വന്നതിനെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണം പോലും ഉണ്ടായിട്ടില്ല. കെട്ടിട ഉടമസ്ഥന്റെ വിശദാംശങ്ങൾ പോലും ലഭ്യമായില്ലെന്നാണ് താലൂക്ക് സപ്ലൈ ഓഫിസിൽനിന്ന് ലഭ്യമായ വിവരം. ഇലക്ട്രിസിറ്റി കൺസ്യൂമർ നമ്പർ രേഖപ്പെടുത്തിയാണ് കെട്ടിട വിവരങ്ങൾ പരിശോധന ഫയലിൽ രേഖപ്പെടുത്തിയത്.
സബ്സിഡി നിരക്കിൽ മണ്ണെണ്ണ വാങ്ങിയ ശേഷം വൻ തുകക്ക് മറിച്ചു വിൽക്കുന്ന സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് ആരോപണം. മത്സ്യത്തൊഴിലാളികൾക്ക് തുച്ഛമായ പണം നൽകി മണ്ണെണ്ണ വാങ്ങിയ ശേഷം ഇരട്ടി ലാഭത്തിൽ മറിച്ചുവിൽക്കുകയാണ് ചെയ്യുന്നത്. ഒട്ടേറെ പെർമിറ്റുകളുമായി വരുന്നവർക്ക് മണ്ണെണ്ണ വൻതോതിൽ മറിച്ചുനൽകുന്ന മത്സ്യഫെഡ് ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം വേണമെന്നാണ് ആവശ്യം.
പെർമിറ്റ് അനുവദിക്കപ്പെട്ട മത്സ്യത്തൊഴിലാളിയുടെ അസാന്നിധ്യത്തിലാണ് മറ്റൊരാൾക്ക് മണ്ണെണ്ണ അനുവദിച്ചുനൽകുന്നത്. പെർമിറ്റ് മണ്ണെണ്ണ വൻതോതിൽ മത്സ്യഫെഡിൽനിന്ന് ഒന്നോ രണ്ടോ വാഹനങ്ങളിൽ രഹസ്യ കേന്ദ്രങ്ങളിലേക്ക് കയറ്റിക്കൊണ്ടുപോവുകയാണ്.
മീൻപിടിത്ത മേഖലയെ സംരക്ഷിക്കാൻ നടപ്പാക്കിയ പദ്ധതിയാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്. പരിശോധനക്ക് പൊന്നാനി താലൂക്ക് സപ്ലൈ ഓഫിസർ വി.ജി. മോഹൻദാസ്, റേഷനിങ് ഇൻസ്പെക്ടർ, പൊന്നാനി എസ്.ഐ ഷിജിമോൻ, വി.ബി. അനിൽകുമാർ, പി.കെ. ദീപു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.