പൊന്നാനിയിലെ തുറമുഖ മണലെടുപ്പ് തൊഴിലാളികൾക്ക് വർഷം എട്ട് ആയിട്ടും ഇൻഷുറൻസ് പരിരക്ഷയില്ല
text_fieldsപൊന്നാനി: പൊന്നാനി മോഡൽ തുറമുഖ മണലെടുപ്പ് ആരംഭിച്ച് വർഷം എട്ടു കഴിഞ്ഞിട്ടും ജീവൻ പണയം വെച്ച് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഇല്ല. ഇൻഷുറൻസ് ആരെടുക്കുമെന്നതിനെച്ചൊല്ലി പൊന്നാനി നഗരസഭയും കരാർ കമ്പനിയും തമ്മിൽ ആശയക്കുഴപ്പമുണ്ടായതാണ് വൈകാനിടയായത്.
പുഴയിൽ ഏറെ നേരം മുങ്ങി അപകടരമായ സാഹചര്യത്തിലാണ് 250 ഓളം തൊഴിലാളികൾ മണലെടുക്കുന്നത്. പലപ്പോഴും പുഴയിൽ അടിയൊഴുക്കുള്ള സാഹചര്യത്തിൽ പോലും യാതൊരു സുരക്ഷയുമില്ലാതെ മണലെടുക്കുന്ന തൊഴിലാളികളെ കമ്പനിയും നഗരസഭയും അവഗണിക്കുകയാണെന്നാണ് പരാതി.
നേരത്തെ 300ലധികം തൊഴിലാളികളാണ് മണലെടുത്തിരുന്നത്. പലപ്പോഴും ഇഷഷ്യറൻസ് നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതൊന്നും നടപ്പായില്ല. നിലവിൽ തൊഴിലാളികളുടെ കൃത്യമായ കണക്ക് നൽകിയാൽ ഇൻഷുറൻസ് നൽകാമെന്നാണ് കരാർ കമ്പനി പറയുന്നത്. ഇതിന്റെ ഭാഗമായി ട്രേഡ് യൂനിയൻ പ്രതിനിധികളുടെ യോഗം നഗരസഭ വിളിച്ചു ചേർത്തു.
അതേ സമയം പൊന്നാനി തുറമുഖ മണലെടുപ്പിന്റെ പേരിൽ മണൽ വാരുന്നത് ഭാരതപ്പുഴയുടെ കരയിൽ നിന്നാണ്. പൊന്നാനിയിലെ അഴിമുഖത്ത് കെട്ടിക്കിടക്കുന്ന മണൽ നീക്കം ചെയ്യാൻ ആരംഭിച്ച മണലെടുപ്പാണ് ഇപ്പോൾ ഭാരതപ്പുഴയുടെ കരയിൽ നടക്കുന്നത്.
കുറ്റിക്കാട് ബലിതർപ്പണ കടവിൽ നിന്നുമുൾപ്പെടെയുള്ള മണലെടുപ്പും ഭീഷണിയായിട്ടുണ്ട്. കരയിൽനിന്ന് 500 മീറ്റർ ദൂരെ പുഴയിൽനിന്ന് മാത്രമെ മണലെടുക്കാനാവൂ എന്ന നിർദേശം നിലനിൽക്കെയാണ് കർമ്മ റോഡിനും സംരക്ഷണഭിത്തിക്കും ഭീഷണിയായി മണലെടുപ്പ് നിർബാധം തുടരുന്നത്.പുലർച്ചെ മുതൽ നിരവധി വഞ്ചികളാണ് കരയിൽനിന്ന് വ്യാപകമായി മണലെടുക്കുന്നത്.
അഴിമുഖത്ത് നിന്ന് മണലെടുക്കാനാണ് തീരുമാനമെങ്കിലും, മണലെടുപ്പ് തുടങ്ങിയ നാൾ മുതൽ തന്നെ അഴിമുഖത്തിന്റെ കിലോമീറ്ററുകൾ ദൂരെ നിന്നാണ് മണലെടുത്തിരുന്നത്. ഭാരതപ്പുഴയുടെ കരയിൽ നിന്നും മണൽവാരരുതെന്ന് പല തവണ തൊഴിലാളികളോടും തൊഴിൽ സംഘടന നേതാക്കളോടും ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
കരയിൽ നിന്നുള്ള മണലെടുപ്പ് അമിതമായതോടെ പുഴയിൽ അപകട ചാലുകളും വർധിച്ചിട്ടുണ്ട്. നഗരസഭ ചെയർമാനും പോർട്ട് അധികൃതർക്കും പരാതി നൽകിയിട്ടും മണലെടുപ്പ് യഥേഷ്ടം തുടരുന്നത് അപകടങ്ങൾക്ക് വഴിവെക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
കരയിൽ നിന്നുള്ള മണലെടുപ്പ് മൂലം സമീപ പ്രദേശത്തെ വീടുകളിലെ കിണർ വെള്ളമെല്ലാം ഉപ്പു കലർന്ന് ഉപയോഗ ശൂന്യമായിട്ടുണ്ട്. അംഗീകൃത തൊഴിലാളികളായ തുറമുഖമണലെടുപ്പ് തൊഴിലാളികൾക്ക് പുറമെ അനധികൃത മണലെടുപ്പും മേഖലയിൽ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.